ഓപ്പണര്‍മാര്‍ ന്യൂബോള്‍ നന്നായി കളിച്ചു, മികച്ച തുടക്കം മുതലാക്കണമായിരുന്നു: സഞ്ജയ് ബംഗാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 274 റണ്‍സിനു പുറത്തായതിനു ടീം തന്നെയാണ് ഉത്തരവാദിയെന്ന് പറഞ്ഞ് ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. വിരാട് കോഹ്‍ലിയുടെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ കൂറ്റന്‍ നാണക്കേടിലേക്ക് ഒന്നാം ഇന്നിംഗ്സില്‍ വീണേനെ. വാലറ്റത്തോടൊപ്പം പൊരുതി വിരാട് കോഹ്‍ലി നേടിയ 149 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ലീഡ് 13 റണ്‍സിലേക്ക് കുറയ്ക്കുവാന്‍ സഹായിച്ചത്.

ടീമിനു മുരളി വിജയും ശിഖര്‍ ധവാനും നല്‍കിയ തുടക്കം മുതലാക്കാതെ പോയതാണ് ടീമിനു തിരിച്ചടിയായതെന്ന് സഞ്ജയ് ബംഗാര്‍ പറഞ്ഞു. 50/0 എന്ന നിലയില്‍ നിന്ന് 100/5 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. സാം കറന്‍ നേടിയ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റുമായി രംഗത്തെത്തിയപ്പോള്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകരുകയായിരുന്നു.

ഓപ്പണര്‍മാര്‍ ന്യൂ ബോളിനെ നന്നായി നേരിട്ടുവെന്ന് പറഞ്ഞ ബംഗാര്‍ സാം കറനും എല്ലാവിധ അനുമോദനങ്ങളും അറിയിച്ചു. രണ്ടാം ദിവസം തന്നെ ഇരു ടീമുകളുടെയും ഇന്നിംഗ്സുകള്‍ അവസാനിച്ചതിനാല്‍ മത്സരത്തില്‍ ഒരു ഫലം നിശ്ചയമായും പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് അഭിപ്രായപ്പെട്ടത്. രണ്ടാം ഇന്നിംഗ്സില്‍ ടീമിന്റെ ടോപ് ഓര്‍ഡറില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ട പ്രകടനമുണ്ടാകുമെന്നും ബംഗാര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial