ടി20 ലോകകപ്പ് വേദിയായി യുഎഇയ്ക്കൊപ്പം ഒമാനും പരിഗണനയിൽ

Sports Correspondent

ടി20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റുന്ന പക്ഷം യുഎഇയ്ക്കൊപ്പം ഒമാനും സംയുക്ത വേദിയാകുന്നതിന് പരിഗണിക്കപ്പെടുന്നു. ബിസിസിഐ അധികാരികളുമായി ഒമാന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താക്കൾ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് അറിയുന്നത്. ഒമാൻ ഉള്‍പ്പെടുന്ന ആദ്യ റൗണ്ട് മത്സരങ്ങൾ മസ്കറ്റിൽ നടത്തുവാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

ജൂൺ 1ന് നടന്ന ഐസിസിയുടെ മീറ്റിംഗിൽ ലോകകപ്പ് എവിടെയെന്ന തീരുമാനം ജൂൺ അവസാനത്തോടെ എടുക്കാമെന്നാണ് തീരുമാനിച്ചത്. ബിസിസിഐ ഇപ്പോളും ലോകകപ്പ് നടത്താനാകുമെന്ന വിശ്വാസത്തിലാണെങ്കിലും ഇപ്പോൾ ഒമാൻ കൂടി പരിഗണനയിലുണ്ടെന്ന ചര്‍ച്ച പുറത്ത് വരുമ്പോൾ ഇന്ത്യയിൽ നിന്ന് ടി20 ലോകകപ്പ് മാറുമെന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്.

ഒമാനിൽ ഐസിസി അംഗീകരിച്ച രണ്ട് സ്റ്റേഡിയങ്ങളാണുള്ളത്. ലോക ടി20യുടെ ആദ്യ റൗണ്ടിൽ ശ്രീലങ്കയും ബംഗ്ലാദേശും ഒമാനും ഉള്‍പ്പെടെ 8 രാജ്യങ്ങളാണ് പ്രധാന റൗണ്ടിലേക്ക് കടക്കുവാന്‍ അവസരത്തിനായി കാത്ത് നിൽക്കുന്നത്.