ഹാമിള്‍ട്ടണ്‍ ടെസ്റ്റില്‍ ടോപ് ഓര്‍ഡറില്‍ തമീം ഇക്ബാല്‍ മികച്ചൊരു ശതകവുമായി പൊരുതിയെങ്കിലും ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ നീല്‍ വാഗ്നറും ടിം സൗത്തിയും കൂടി തകര്‍ത്തെറിഞ്ഞപ്പോള്‍ 234 റണ്‍സിനു ഓള്‍ഔട്ട് ആയി സന്ദര്‍ശകര്‍. ഒരു ഘട്ടത്തില്‍ 180/4 എന്ന നിലയില്‍ നിന്ന് തമീം പുറത്തായ ശേഷം 54 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റാണ് ബംഗ്ലാദേശിനു നഷ്ടമായത്.
128 പന്തില്‍ നിന്ന് 126 റണ്‍സ് നേടിയ തമീം 21 ഫോറുകളാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലിറ്റണ്‍ ദാസ്(29), ഷദ്മാന്‍ ഇസ്ലാം(24), മഹമ്മദുള്ള(22) എന്നിവര്‍ ചെറുത്ത് നില്പിനു ശ്രമിച്ചുവെങ്കിലും അധിക നേരം ക്രീസില്‍ നില്‍ക്കാനാകാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ന്യൂസിലാണ്ടിനു വേണ്ടി നീല്‍ വാഗ്നര്‍ അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 86/0 എന്ന ശക്തമായ നിലയില്‍ നിലകൊള്ളുകയാണ്. 51 റണ്‍സുമായി ജീത്ത് റാവലും 35 റണ്‍സ് നേടി ടോം ലാഥവുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ലാഥം റണ്ണെടുക്കുന്നതിനു മുമ്പ് നല്‍കിയ അവസരം സൗമ്യ സര്‍ക്കാര്‍ കൈവിട്ടപ്പോള്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റാണ് എബാദത്ത് ഹൊസൈനു നഷ്ടമായത്. ബംഗ്ലാദേശ് സ്കോറിനു 148 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് നിലകൊള്ളുന്നതെങ്കിലും രണ്ടാം ദിവസം അവര്‍ അനായാസം അത് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.