ആദ്യ ടി20യിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്, അയര്‍ലണ്ടിനെ എറിഞ്ഞിട്ട് ലോക്കി ഫെര്‍ഗൂസൺ

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ മിന്നും വിജയവുമായി ന്യൂസിലാണ്ട്. ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ ന്യൂൂസിലാണ്ട് ആദ്യം ബാറ്റ് ചെയ്ത് 173/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 142 റൺസിന് ഓള്‍ഔട്ട് ആയി. 31 റൺസ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.

ഗ്ലെന്‍ ഫിലിപ്പ്സ് പുറത്താകാതെ നേടിയ 69 റൺസാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിന്റെ അടിത്തറ. ജെയിംസ് നീഷം(29), മാര്‍ട്ടിന്‍ ഗപ്ടിൽ(24), മൈക്കൽ ബ്രേസ്വെൽ(21) എന്നിവരും റൺസ് കണ്ടെത്തി. അയര്‍ലണ്ടിനായി ജോഷ്വ ലിറ്റിൽ 4 വിക്കറ്റ് നേടി. മാര്‍ക്ക് അഡൈറിന് 2 വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ അയര്‍ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി. ലോക്കി ഫെര്‍ഗൂസൺ 4 വിക്കറ്റും ജെയിംസ് നീഷം, മിച്ചൽ സാന്റനര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ 29 റൺസ് നേടിയ കര്‍ട്ടിസ് കാംഫര്‍ ആണ് അയര്‍ലണ്ട് നിരയിലെ ടോപ് സ്കോറര്‍. മാര്‍ക്ക് അഡൈര്‍ 25 റൺസ് നേടി.