ഓരോ ഫോര്‍മാറ്റിലും ഓരോ കോച്ചെന്നതിനോട് പ്രിയമില്ല

ഇംഗ്ലണ്ടിന്റെ കോച്ച് ട്രെവര്‍ ബെയിലിസ്സ് ആഷസിന് ശേഷം പടിയിറങ്ങുമ്പോള്‍ ടീമിന് പുതിയ കോച്ചിനെ തേടേണ്ട ചുമതലയാണിപ്പോളുള്ളത്. നവംബറില്‍ ന്യൂസിലാണ്ട് പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തേണ്ടതുണ്ട്. എന്നാലിത് വരെ ഒരാളെപ്പോലും സാധ്യത പട്ടികയില്‍ പോലും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിട്ടില്ല. ന്യൂസിലാണ്ട് പര്യടനത്തിന് മുമ്പ് അത് സാധിക്കുന്നില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ കോച്ചിന്റെ ചുമതല താത്കാലികമായി ആരെങ്കിലും വഹിക്കുമെന്നാണ് അറിയുന്നത്. നവംബര്‍ 1ന് അഞ്ച് ടി20കളുടെ പരമ്പരയാണ് ആദ്യം നടക്കുക.

ഇംഗ്ലണ്ട് ആരെയാണ് കോച്ചായി തിരഞ്ഞെടുക്കുക എന്നതിന്റെ ഏകദേശ ധാരണ ബോര്‍ഡിനുള്ളതിനാല്‍ ഇതിന്റെ പരസ്യം ഉണ്ടാകില്ലെന്നാണ് ബോര്‍ഡിന്റെ നയം. ഇംഗ്ലണ്ടിലെയും ചില വിദേശ കോച്ചുമാരെയും പരിഗണിക്കുന്നുണ്ടെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് പറയുന്നത്. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും വേവ്വേറെ കോച്ചുമാരെന്നതിനോട് തനിക്ക് താല്പര്യമില്ലെന്ന് ജൈല്‍സ് പറഞ്ഞു.

തന്റെ മുന്‍കാല അനുഭവം മാത്രമല്ല രണ്ട് കോച്ചുമാര്‍ക്ക് കീഴില്‍ ഒരു സംഘം ആളുകള്‍ കളിക്കുമ്പോള്‍ അത് പല തരം വ്യത്യാസം സൃഷ്ടിക്കുമെന്ന് ആഷ്‍ലി പറഞ്ഞു. ഒരാളുടെ പ്രവര്‍ത്തന രീതിയല്ല മറ്റൊരാളുടെ, ഒരാള്‍ പക്വത വന്നയാളാണെങ്കില്‍ മറ്റേയാള്‍ ചെറുപ്പമാണെങ്കില്‍ അവിടെയെല്ലാം വ്യത്യാസങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നെല്ലാമാണ് ജൈല്‍സ് ഈ സാധ്യതയെ തള്ളിക്കളയുവാനായി നിരത്തുന്നത്.

Previous articleകന്നിഗോളുമായി കൗട്ടിനോ, കൊളോണിനെതിരെ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്
Next articleതാരമായി റാംസി, ഗോളുമായി റൊണാൾഡോയും, യുവന്റസ് വിജയ വഴിയിൽ