ധോണിയ്ക്ക് ഡ്രസ്സിംഗ് റൂമില്‍ നിന്ന് ലഭിച്ച സന്ദേശം എന്തെന്ന് തനിക്കറിയില്ലെന്ന് യൂസുവേന്ദ്ര ചഹാല്‍

ലോര്‍ഡ്സില്‍ ഇന്നലെ ഏകദിനത്തില്‍ 10000 റണ്‍സ് തികച്ച എംഎസ് ധോണിയെ എന്നാല്‍ കാണികള്‍ വരവേറ്റത് കൂക്കി വിളികളോടെയായിയിരുന്നു. ഇന്ത്യ 86 റണ്‍സിനു പരാജയമേറ്റുവാങ്ങിയ മത്സരത്തില്‍ ധോണി 59 പന്തില്‍ നിന്ന് 37 റണ്‍സുമായി മെല്ലെപ്പോക്ക് സമീപനവുമായുള്ളൊരു ഇന്നിംഗ്സാണ് കാഴ്ചവെച്ചത്. ഇതാണ് കാണികളെ പ്രകോപിപ്പിച്ചത്.

27ാം ഓവറില്‍ ക്രീസില്‍ എത്തിയ ധോണി പിന്നീട് വളരെ പതുക്കെയാണ് തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. 47ാം ഓവറില്‍ ഡ്രെസ്സിംഗ് റൂമില്‍ നിന്ന് സന്ദേശമെത്തിയ ശേഷം തൊട്ടടുത്ത പന്തില്‍ ധോണി പുറത്തായിരുന്നു. എന്ത് സന്ദേശമാണ് ധോണിയ്ക്ക് നല്‍കിയതെന്ന ചോദ്യത്തിനു പത്ര സമ്മേളനത്തില്‍ യൂസുവേന്ദ്ര ചഹാല്‍ അതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മറുപടി പറഞ്ഞത്.

ശര്‍ദ്ധുല്‍ താക്കൂറിനെയും അക്സര്‍ പട്ടേലിനെയും അയയ്ച്ച് ധോണിയ്ക്ക് കൈമാറിയ സന്ദേശം കൂറ്റനടികള്‍ക്ക് ശ്രമിക്കാന്‍ തന്നെയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടുത്ത പന്തില്‍ തന്നെ താരം പുറത്തായതോടെ കാണികള്‍ അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial