റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്ക് വെല്ലുവിളിയുള്ളതായി തോന്നുന്നില്ല

0
റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്ക് വെല്ലുവിളിയുള്ളതായി തോന്നുന്നില്ല

ഇംഗ്ലണ്ടിന്റെ കോച്ചായി തന്റെ കരാര്‍ അടുത്ത ടെസ്റ്റോട് കൂടി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ട്രെവര്‍ ബെയിലിസ്സ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായി ജോ റൂട്ട് തുടരണമെന്നാണ് പോകുന്നതിന് മുമ്പ് തന്റെ അവസാനത്തെ മീഡിയ കൂടിക്കാഴ്ചയില്‍ താരം പറഞ്ഞത്. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റോടെ തന്റെ നാല് വര്‍ഷത്തെ ദൗത്യത്തിന് ബെയിലിസ്സ് വിരാമം കുറിയ്ക്കും. ലോകകപ്പ് കിരീടം സ്വന്തമാക്കുവാനായെങ്കിലും ആഷസ് ഓസ്ട്രേലിയ സ്വന്തമാക്കിയത് ബെയിലിസ്സിന് മികച്ചൊരു വിടവാങ്ങല്‍ സമ്മാനം നല്‍കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പരമ്പര കൈവിട്ടത്തോടെ റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്കായി മുറവിളി ഉയര്‍ന്ന് കഴിഞ്ഞു.

എന്നാല്‍ റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്ക് ഒരു സമ്മര്‍ദ്ദവുമില്ലെന്നാണ് ബെയിലിസ്സ് പറയുന്നത്. താരത്തിന്റെ സ്ഥാനം ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു സ്ഥിതി സംജാതമായിട്ടില്ലെന്ന് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞു. ക്യാപ്റ്റന്‍സി ഇല്ലാതെ റൂട്ടിന്റെ ബാറ്റിംഗ് ശരാശരി 52 ആണെങ്കില്‍ ക്യാപ്റ്റന്‍സിയുള്ളപ്പോള്‍ അത് 40 ആണ്. ഇത് താരത്തിന്റെ ബാറ്റിംഗിനെ ക്യാപ്റ്റന്‍സി അല്പം ബാധിച്ചിട്ടുണ്ടെന്നുള്ള സൂചനയാണ്.

എന്നാല്‍ 3-4 സ്ഥാനങ്ങളില്‍ മാറി മാറി ഇറങ്ങേണ്ടി വന്നതാണ് റൂട്ടിന്റെ ബാറ്റിംഗിനെ ബാധിച്ചിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പരമ്പരയില്‍ ഇതുവരെ 3 അര്‍ദ്ധ ശതകങ്ങള്‍ മാത്രമാണ് താരം നേടിയത്. എന്നാല്‍ ഇതൊന്നും താരത്തിന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്ന കാര്യമല്ലെന്ന് ബെയിലിസ്സ് പറഞ്ഞു.