ന്യൂസിലാൻഡിൽ ആദ്യമായി ഒരു ടി20 പരമ്പര വിജയം എന്ന ഇന്ത്യയുടെ സ്വപ്നം പൊലിഞ്ഞു. ആവേശകരമായ മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലാൻഡിനു നാലു റൺസിന്റെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 213 എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത ഇരുപത് ഓവറിൽ 208 റൺസിൽ ഒരുങ്ങുകയായിരുന്നു. പരമ്പര ന്യൂസിലാൻഡ് 2-1 നു വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് മുൻറോയുടെയും ഗ്രാൻഡ്ഹോമിന്റെയും ബാറ്റിങ്ങിന്റെ മികവിൽ നിശ്ചിത ഇരുപത് ഓവറിൽ 212 റൺസ് ആണ് അടിച്ചെടുത്തത്. ന്യൂസിലാൻഡിനു വേണ്ടി മുൻറോ 72, സീഫെർട്ട് 43, ഗ്രാൻഡ്ഹോം 30 റൺസ് വീതം നേടി. ഇന്ത്യക്ക് വേണ്ടി കുൽദീപ് രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ആദ്യ ഓവറില്‍ തന്നെ 5 റൺസ് മാത്രം എടുത്ത ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ തുടർന്ന് വന്ന വിജയ് ശങ്കറും ക്യാപ്റ്റൻ രോഹിത് ശർമ്മയും ചേർന്ന് സ്‌കോർ മുന്നോട്ട് കൊണ്ട് പോയി. 43 റൺസെടുത്ത വിജയ് ശകർ 92ൽ വെച്ച് പുറത്തായി എങ്കിലും റിഷാബ് പന്ത് കൂറ്റനടികളിലൂടെ സ്‌കോർ ബോർഡ് ഉയർത്തി. 11 പന്തിൽ 28 റൺസെടുത്ത പന്തിനെ തിക്നേർ പുറത്താക്കി. താമസിയാതെ 32 പന്തിൽ 38 റൺസെടുത്ത രോഹിതും 11 പന്തിൽ 21 റൺസെടുത്ത പാണ്ഡ്യയും രണ്ടു റൺസ് മാത്രം എടുത്ത ധോണിയും തുടർച്ചയായി പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.
അവസാന അഞ്ചോവറിൽ 68 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. വാസന നിമിഷം ആഞ്ഞടിച്ച ക്രുനാൽ പാണ്ഡ്യയും ദിനേശ് കാർത്തിക്കും ചേർന്ന് ഇന്ത്യയെ 19 ഓവറിൽ 197 എന്ന നിലയിൽ എത്തിച്ചു. അവസാന ഓവറിൽ 16 റൺസ് ആയിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ബൗൾ ചെയ്യാൻ എത്തിയ സൗത്തി ഇന്ത്യക്ക് 11 റൺസ് മാത്രമേ വിട്ടു കൊടുത്തുള്ളൂ. ഇന്ത്യക്ക് വേണ്ടി കാര്‍ത്തിക് 33, പാണ്ഡ്യ 26 റണ്‍സും എടുത്തു പുറത്താവാതെ നിന്നു. ന്യൂസിലാൻഡിനു നാലു റൺസിന്റെ വിജയം.