ആവേശകരമായ രണ്ട് മത്സരങ്ങളിലും വിജയം ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും പരിക്ക് അലട്ടുകയാണ് ന്യൂസിലാണ്ടിനെ. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യുവാനിറങ്ങാത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം. താരത്തിന്റെ വലത് വയറിന്റെ ഭാഗത്തുള്ള സ്ട്രെയിന്‍ ആണ് താരത്തിനെ പുറത്തിരുത്തുവാന്‍ ഇടയായിരിക്കുന്നത്. അതേ സമയം രണ്ടാം മത്സരത്തില്‍ ഇടത് അരയ്ക്ക് പരിക്കേറ്റ റോസ് ടെയിലര്‍ അടുത്ത മത്സരത്തില്‍ കളിക്കുവാന്‍ ഫിറ്റാണെന്നത് ടീമിന് ആശ്വാസം നല്‍കുന്നു. ആദ്യ മത്സരത്തില്‍ ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് റോസ് ടെയിലര്‍.
അതേ സമയം കഴിഞ്ഞ മത്സരത്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനൊപ്പം മികവ് പുലര്‍ത്തിയ ടോം ബ്രൂസ് പരിക്കേറ്റതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഇന്നിംഗ്സിന്റെ സുപ്രധാന ഘട്ടത്തില്‍ കാഫ് മസില്‍ വലിഞ്ഞതിനെ തുടര്‍ന്ന് സ്ട്രാപ്പ ചെയ്ത് താരം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും പിന്നീട് റണ്ണൗട്ടാവുകയായിരുന്നു. മത്സരം ന്യൂസിലാണ്ട് കൈവിടുമെന്ന തോന്നിപ്പിച്ച നിമിഷമായിരുന്നു ഇതെങ്കിലും ഭാഗ്യവും മിച്ചല്‍ സാന്റനറും ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ടോം ബ്രൂസ് പരിക്ക് മാറി മത്സരത്തിനെത്തുമെന്നാണ് ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.