21.2 ഓവറില്‍ അനായാസ വിജയം കൈവരിച്ച് ന്യൂസിലാണ്ട്

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ന്യൂസിലാണ്ട് ലക്ഷ്യം 21.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 49 റണ്‍സുമായി ഹെന്‍റി നിക്കോള്‍സ് പുറത്താകാതെ നിന്നപ്പോള്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ 19 പന്തില്‍ 38 റണ്‍സും ഡെവണ്‍ കോണ്‍വേ 27 റണ്‍സും നേടി. തന്റെ അരങ്ങേറ്റ ഏകദിന മത്സരം കളിക്കുന്ന കോണ്‍വേ പതിവിന് വിപരീതമായി 52 പന്ത് നേരിട്ടാണ് ഈ സ്കോര്‍ നേടിയത്.

വിജയ സമയത്ത് നിക്കോള്‍സിന് കൂട്ടായി 11 റണ്‍സുമായി വില്‍ യംഗ് ക്രീസിലുണ്ടായിരുന്നു. ടാസ്കിന്‍ അഹമ്മദ്, ഹസന്‍ മഹമ്മൂദ് എന്നിവരാണ് ബംഗ്ലാദേശിനായി വിക്കറ്റ് നേടിയത്. 4 ബംഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ട് ആണ് കളിയിലെ താരം.