വാട്‍ളിംഗും വാലറ്റവും പൊരുതി, ലങ്കയ്ക്ക് വിജയിക്കുവാന്‍ 268 റണ്‍സ്

Sports Correspondent

ഗോളില്‍ നാലാം ദിവസത്തെ കളി വൈകി തുടങ്ങിയപ്പോള്‍ ആദ്യ സെഷന്‍ അതിജീവിച്ചിക്കുവാന്‍ ന്യൂസിലാണ്ടിനായില്ല. ബിജെ വാട്ളിംഗും വില്യം സോമര്‍വില്ലേയും എട്ടാം വിക്കറ്റില്‍ നേടിയ 46 റണ്‍സിന്റെയും വാലറ്റത്തില്‍ മറ്റു താരങ്ങളും പൊരുതി നിന്നപ്പോള്‍ ഗോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 285 റണ്‍സ് നേടി ന്യൂസിലാണ്ട്.

നാലാം ദിവസത്തെ ആദ്യ സെഷന്‍ അതിജീവിക്കുക എന്നതായിരുന്നു ന്യൂസിലാണ്ടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 77 റണ്‍സ് നേടിയ വാട്‍ളിംഗും സോമര്‍വില്ലേയും മെല്ലെയെങ്കിലും ന്യൂസിലാണ്ടിനെ ഈ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചുവെങ്കിലും വാട്ളിംഗിനെ പുറത്താക്കി ലഹിരു കുമര ന്യൂസിലാണ്ടിന് ആദ്യ പ്രഹരം നല്‍കി.

എന്നാല്‍ പിന്നീട് സോമര്‍വില്ലേയും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് നിര്‍ണ്ണായകമായ 36 റണ്‍സ് ഒമ്പതാം വിക്കറ്റില്‍ നേടുകയായിരുന്നു. ലഹിരു കുമരയ്ക്ക് തന്നെയാണ് 26 റണ്‍സ് നേടിയ ബോള്‍ട്ടിന്റെ വിക്കറ്റും. 14 റണ്‍സ് നേടിയ അജാസ് പട്ടേല്‍ പുറത്തായതോടെയാണ് ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചത്. ധനന്‍ജയ ഡി സില്‍വയ്ക്കാണ് വിക്കറ്റ്. വില്യം സോമര്‍വില്ലേ 40 റണ്‍സുമായി പുറത്താകാതെ നിന്നു.

പത്താം വിക്കറ്റില്‍ 25 റണ്‍സ് നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാലും ധനന്‍ജയ ഡി സില്‍വ മൂന്നും വിക്കറ്റ് നേടി. ലഹിരു കുമരയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.