ലയണിന് മുന്നിൽ വീണ് പാക്കിസ്ഥാൻ , ലാഹോർ പിടിച്ച് കെട്ടി ഓസ്ട്രേലിയ

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 235 റൺസിനൊതുക്കി 115 റൺസ് വിജയം നേടി ഓസ്ട്രേലിയ. ഇതോടെ ലാഹോര്‍ ടെസ്റ്റ് വിജയിച്ച ഓസ്ട്രേലിയ പരമ്പര 1-0ന് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകള്‍ സമനിലയിൽ അവസാനിക്കുകയായിരുന്നു.

ബാബര്‍ അസമും ഇമാം ഉള്‍ ഹക്കും ടീമിനെ ലഞ്ചിലേക്ക് നയിക്കുമ്പോള്‍ മത്സരത്തിൽ പാക്കിസ്ഥാന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിൽ പിന്നീട് നഥാന്‍ ലയണിന്റെ ആറാട്ടാണ് കണ്ടത്.

ഇമാമിനെ(70) വിക്കറ്റിന് മുന്നിൽ കുടുക്കി ലയൺ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ഫവദ് അലമിനെയും മുഹമ്മദ് റിസ്വാനെയും വിക്കറ്റിന് മുന്നിൽ കുടുക്കി പാറ്റ് കമ്മിന്‍സ് പാക്കിസ്ഥാനെ കൂടുതൽ കഷ്ടതയിലേക്ക് തള്ളിയിട്ടു.

55 റൺസ് നേടിയ ബാബറിനെ ലയൺ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. നസീം ഷായെ പുറത്താക്കി ചരിത്ര വിജയം നേടുവാന്‍ പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയെ സഹായിക്കുകയായിരുന്നു.