അഫ്ഗാന്‍ ക്രിക്കറ്റിലെ നേതൃമാറ്റം, അതൃപ്തി പ്രകടിപ്പിച്ച് നബിയും റഷീദും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനിസ്ഥാനെ മാറ്റുവാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി റഷീദ് ഖാനും മുഹമ്മദ് നബിയും. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റിലുമുള്ള ക്യാപ്റ്റന്‍സി അസ്ഗര്‍ അഫ്ഗാനില്‍ നിന്ന് ബോര്‍ഡ് മാറ്റിയത്. ഏകദിനങ്ഹളില്‍ ഗുല്‍ബാദിന്‍ നൈബിനെയും ടി20യില്‍ റഷീദ് ഖാനെയുമാണ് ക്യാപ്റ്റനായി നിയമിച്ചത്. ടെസ്റ്റില്‍ റഹ്മത് ഷായെയും ക്യാപ്റ്റന്‍സി ചുമതല ഏല്പിച്ചു.

ഏപ്രില്‍ 2015 മുതല്‍ അഫ്ഗാനിസ്ഥാന്റെ നായകനാണ് അസ്ഗര്‍ അഫ്ഗാന്‍. മുഹമ്മദ് നബിയില്‍ നിന്നാണ് താരം ക്യാപ്റ്റന്‍സി അന്ന് ഏറ്റെടുത്തത്. 31 ഏകദിന വിജയങ്ങളും 37 ടി20 വിജയവും ടീം ഇതിനിടെ നേടി. അയര്‍ലണ്ടിനെതിരെ ചരിത്രമായ ആദ്യ ടെസ്റ്റ് വിജയവും അഫ്ഗാനിസ്ഥാനു ഇക്കാലയളവില്‍ നേടുവാന്‍ സാധിച്ചിരുന്നു.

ലോകകപ്പിനു മുമ്പ് ഇത്തരം ഒരു മാറ്റം ടീമിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. ബോര്‍ഡിന്റ തീരുമാനത്തോട് തന്റെ ശക്തമായ വിയോജിപ്പ് അറിയിക്കുകയാണെന്നും താന്‍ ടീമിന്റെ ക്യാപ്റ്റനായി അസ്ഗര്‍ തന്നെ തുടരണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

സമാനമായ കാഴ്ചപ്പാടാണ് സീനിയര്‍ താരം മുഹമ്മദ് നബിയും വ്യക്തമാക്കിയത്. ലോകകപ്പിനു തൊട്ട് മുമ്പുള്ള ഈ തീരുമാനം ടീമിന്റെ പ്രകടനങ്ങളെ ബാധിക്കുമെന്നും നബി വ്യക്തമാക്കി. അസ്ഗര്‍ തന്നെയാണ് ടീമിനെ നയിക്കുവാനുള്ള ഏറ്റവും അനുയോജ്യനെന്നാണ് താനും വിശ്വസിക്കുന്നതെന്നാണ് മുഹമ്മദ് നബിയും അഭിപ്രായപ്പെട്ടത്.