മുരുഗന്‍ സിസിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന്, സഞ്ജു സാംസണെയും ബിജു ജോര്‍ജ്ജിനെയും ആദരിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരത്തെ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ നടക്കും. തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലില്‍ ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ ഇപി ജയരാജന്‍ നിര്‍വ്വഹിക്കും. ബഹുമാനപ്പെട്ട കെസിഎ പ്രസിഡന്റ് ശ്രീ സാജന്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ശ്രീ അഡ്വ. ശ്രീജിത്ത്, ശ്രീ ജയേഷ് ജോര്‍ജ്ജ്, ശ്രീ ടിനു യോഹന്നാന്‍, ശ്രീ വിനോദ് എസ് കുമാര്‍, ശ്രീ രജിത് രാജേന്ദ്രന്‍ എന്നിവര്‍ക്കും കെസിഎയുടെയും ട്രിവാന്‍ഡ്രം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ചടങ്ങില്‍ ശ്രീ എസ്‍കെ നായര്‍, ശ്രീ രാമമൂര്‍ത്തി, ശ്രീ എസിഎം അബ്ദുള്ള, ശ്രീ ഗണേഷ്, ശ്രീ മണികണ്ഠകുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഇന്ത്യന്‍ വനിത ടീം ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ബിജു ജോര്‍ജ്ജിനെയും ആദരിക്കുന്നതാണ്.

രണ്ട് ദിവസങ്ങളിലായാണ് ക്ലബ്ബിന്റെ ആഘോഷ പരിപാടി നടന്നത്. ഇന്ന് നടക്കുന്ന പൊതു ചടങ്ങിനു മുന്നോടിയായി ഇന്നലെ ക്ലബ്ബംഗങ്ങളുടെ കുടുംബ സംഗമം തിരുവനന്തപുരം പൂവാറിലെ എസ്റ്റ്യുറി ഐലന്‍ഡില്‍ നടന്നിരുന്നു. വിദേശത്തും കേരളത്തിലും താമസിക്കുന്ന ക്ലബ്ബിന്റെ ആരംഭത്തിലെ സാരഥികളും പൂര്‍വ്വ കാല താരങ്ങളും എല്ലാം അടങ്ങിയ സംഗമമാണ് ഇവിടെ നടന്നത്.

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച്

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം പുത്തന്‍ തെരുവിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തുന്നതിനായി ഒത്തുകൂടുകയും, 1967ല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലൊരു ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

1977 തിരുവനന്തപുരം എ ഡിവിഷനില്‍ കളിക്കുവാനാരംഭിച്ച ക്ലബ്ബ് പിന്നീടങ്ങോട്ട് കേരളത്തങ്ങോളമിങ്ങോളം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ തങ്ങളുടെ മികവ് തെളിയിക്കുകയും ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുകയുണ്ടായി.
1983 അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളില്‍ മാറ്റിംഗ് വിക്കറ്റില്‍ പരിശീലനമാരംഭിച്ച ക്ലബ്ബിനു പക്ഷേ 1989ല്‍ ചില സാങ്കേതിക കാരണത്താല്‍ അനുമതി നിഷേധിക്കപ്പെടുകയും മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതായും വരുകയായിരുന്നു. 1997 സ്വന്തമായി സ്ഥലം വാങ്ങിയ ക്ലബ്ബ് ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന സെലസ്റ്റിയല്‍ ട്രോഫിയുടെയും സംഘാടകര്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് ആണ്. 1995ല്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റ് ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മികച്ച ടൂര്‍ണ്ണമെന്റുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടാതെ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമന്റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ സംഘാടകരും മുരുഗന്‍ സിസിയാണ്. 120ലധികം ടീമുകള്‍ പങ്കെടുക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ലീഗാണ് ടിപിഎല്‍.