ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലുടനീളം തളരാത്ത പോരാട്ടവീര്യവും, നേതൃത്വപരമായ കഴിവുകളും കാഴ്ച്ചവെച്ച മുഹമ്മദ് സിറാജിനെ പ്രശംസിച്ച് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ മോർനെ മോർക്കൽ. സിറാജ് ഒരു “സ്വാഭാവിക ലീഡർ” ആണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികൾ ടീമിന് പ്രചോദനമാണെന്നും മോർക്കൽ പറഞ്ഞു.

ഈ പരമ്പരയിലുടനീളം 180-ൽ അധികം ഓവറുകൾ എറിഞ്ഞ സിറാജ്, 20 വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലാണ്. കഠിനമായ ജോലിഭാരം ഉണ്ടായിരുന്നിട്ടും, 30-കാരനായ സിറാജ് എല്ലാ ടെസ്റ്റുകളിലും കളിച്ചു. ഓവലിൽ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കാൻ പോലും സിറാജ് തയ്യാറായില്ല.
“സിറാജ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്,” അഞ്ചാം ടെസ്റ്റിന്റെ നാലാം ദിവസത്തിന് ശേഷം മോർക്കൽ പറഞ്ഞു. “അവൻ അധികം സംസാരിക്കാറില്ല, പക്ഷെ അവന്റെ പ്രവൃത്തികൾ ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നു. ഈ മത്സരം ഏത് വിധേനയും കളിക്കാൻ അവൻ ആഗ്രഹിച്ചു, അത്തരത്തിലുള്ള മനോഭാവമാണ് ടെസ്റ്റുകൾ വിജയിപ്പിക്കുന്നത്.”
ഓവലിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ 26 ഓവറുകൾ എറിഞ്ഞ സിറാജ് തളരാത്ത പ്രകടനമാണ് ഒരിക്കൽ കൂടി കാഴ്ച്ചവെച്ചത്.