കൂടുതല്‍ നിയന്ത്രണങ്ങളെങ്കില്‍ ബ്രിസ്ബെയിനിലേക്ക് നാലാം ടെസ്റ്റിന് യാത്രയാകുവാന്‍ ഇന്ത്യയ്ക്ക് വിമുഖത

ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് പോകുവാന്‍ തങ്ങള്‍ക്ക് വിമുഖതയുണ്ടെന്ന് അറിയിച്ച് ഇന്ത്യന്‍ ടീം. ബ്രിസ്ബെയിനില്‍ ഇന്ത്യന്‍ ടീമിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഇന്ത്യന്‍ ടീം ഈ സമീപനം എടുത്തത്. 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയയില്‍ തങ്ങള്‍ക്കും തുല്യമായ സഞ്ചാര സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

ബ്രിസ്ബെയിന്‍ ടീമിന് ഹോട്ടലിലും സ്റ്റേഡിയത്തിലും മാത്രം യാത്ര ചെയ്യുവാനുള്ള അവസരമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്. ദുബായയില്‍ 14 ദിവസത്തെ ക്വാറന്റീന് ശേഷം സിഡ്നിയില്‍ എത്തിയ ഇന്ത്യന്‍ ടീം അവിടെയും 14 ദിവസത്തെ ക്വാറന്റീന് വിധേയരായിരുന്നുവെന്നും ഇനി ടൂറിന്റെ അവസാനത്തോടെ വീണ്ടും ക്വാറന്റീനില്‍ പ്രവേശിക്കുവാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്നും ഇന്ത്യന്‍ ടീം അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളുമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സഹകരണം ഇന്ത്യയ്ക്ക് ലഭിയ്ക്കുന്നുണ്ടെങ്കിലും ഓരോ സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങള്‍ ആണ് ഇത്തരം പ്രശ്നം സൃഷ്ടിക്കുന്നത്. ഇതോടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളും സിഡ്നിയില്‍ തന്നെ കളിക്കുന്നതാവും ഉചിതമെന്നാണ് ഇന്ത്യയുടെ നിലപാട്.