ശതകവുമായി പുറത്താകാതെ അസ്ഹര്‍ അലി, പാക്കിസ്ഥാന് ഫോളോ ഓണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറായ 583/8 എന്ന സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ വിധേയരായി. അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി നിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട് ഫോളോ ഓണിന് വിധേയരാക്കി. സൗത്താംപ്ടണില്‍ അവസാന ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നതിനാലാണ് ഈ തീരുമാനത്തിലേക്ക് ഇംഗ്ലണ്ട് പോയത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ പോയിന്റ് നേടുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. ഇംഗ്ലണ്ടിന് മത്സരത്തില്‍ 310 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണുള്ളത്.

ഇന്ന് തങ്ങളുടെ ബാറ്റിംഗ് 24/3 എന്ന നിലയില്‍ പുനരാരംഭിച്ച പാക്കിസ്ഥാന് അസാദ് ഷഫീക്കിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. പിന്നീട് പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് പാക്കിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലിയും ഫവദ് അലവും ചേര്‍ന്നായിരുന്നു. അലം 21 റണ്‍സ് നേടി പുറത്തായ ശേഷം മുഹമ്മദ് റിസ്വാനില്‍ മികച്ചൊരു പിന്തുണ അസ്ഹര്‍ അലിയ്ക്ക് ലഭിയ്ക്കുകയായിരുന്നു.

അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 138 റണ്‍സ് നേടി ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 53 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനെ മടക്കി ക്രിസ് വോക്സ് പാക്കിസ്ഥാന്റെ ആറാം വിക്കറ്റ് വീഴ്ത്തി. ഇതിനിടെ തന്റെ ശതകം നേടുവാന്‍ അസ്ഹര്‍ അലിയ്ക്ക് സാധിച്ചു.

ഏഴാം വിക്കറ്റില്‍ യസീര്‍ ഷായുമായി ചെറിയൊരു കൂട്ടുകെട്ട് നേടിയെങ്കിലും സ്റ്റുവര്‍ട് ബ്രോഡ് 20 റണ്‍സ് നേടിയ യസീറിനെ പുറത്താക്കി. നസീം ഷായെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സിന് തിരശ്ശീലിയിട്ടപ്പോള്‍ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റ് ക്രിക്കറ്റിലെ 598ാം വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്.

പാക്കിസ്ഥാന്‍ ഇന്നിംഗ്സിലെ അവസാന വിക്കറ്റ് വീണതോടെ മൂന്നാം ദിവസത്തെ കളിയ്ക്ക് സമാപനം കുറിയ്ക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ് പുറമെ സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ക്രിസ് വോക്സും  ഡോം ബെസ്സും ഓരോ വിക്കറ്റും നേടി.