പാകിസ്ഥാൻ ടീം മാനേജ്‌മെന്റുമായുള്ള പ്രശ്നങ്ങളെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ മുഹമ്മദ് ആമിർ. നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് മാനേജ്‌മന്റ് തന്നെ മാനസ്സികമായി പീഡിപ്പിക്കുകയാണെന്നും അതുകൊണ്ടാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും 28കാരനായ മുഹമ്മദ് ആമിർ പറഞ്ഞു.
2009ൽ പാകിസ്ഥാൻ ടി20 ലോകകപ്പ് നേടിയപ്പോഴും 2017ൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയപ്പോഴും മുഹമ്മദ് ആമിർ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. നേരത്തെ ന്യൂസിലാൻഡ് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിൽ മുഹമ്മദ് ആമിറിന് അവസരം ലഭിച്ചിരുന്നില്ല. നേരത്തെ 2019 ജൂണിൽ തന്നെ മത്സരങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താരം വിരമിച്ചിരുന്നു.
ന്യൂസിലാൻഡിനെതിരെ പാകിസ്ഥാൻ പ്രഖ്യാപിച്ച 35 അംഗ ടീമിൽ മുഹമ്മദ് ആമിർ ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി. ന്യൂസിലാൻഡ് പരമ്പരക്കുള്ള ടീമിൽ അവസരം ലഭിക്കാതിരുന്നതോടെ താരം ലങ്ക പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.