അവസാനം ബംഗ്ലാദേശിനായി കളിച്ചത് 2007ല്‍, മുഹമ്മദ് ഷരീഫ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

മുന്‍ ബംഗ്ലാദേശ് വലംകൈയ്യന്‍ പേസര്‍ മുഹമ്മദ് ഷരീഫ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നീണ്ട 20 വര്‍ഷത്തെ ആഭ്യന്തര ക്രിക്കറ്റിന് ശേഷമാണ് താരത്തിന്റെ ഈ വിരമിക്കല്‍. ബംഗ്ലാദേശ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പേസര്‍മാരുടെ ഇടയില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം കൂടിയാണ് ഷരീഫ്. 393 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്.

2000ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ താരം 2001ല്‍ 17ാം വയസ്സിലാണ് തന്റെ ദേശീയ അരങ്ങേറ്റം നടത്തിയത്. ആദ്യം ഏകദിനത്തിലും അതേ മാസം തന്നെ ടെസ്റ്റിലും അരങ്ങേറ്റം നടത്തിയ താരത്തിന്റെ തുടക്കം മികച്ചതായിരുന്നുവെങ്കിലും പരിക്ക് വില്ലനായതോടെ ടീമില്‍ നിന്ന് പുറത്ത് പോയി.

2007ലാണ് ഷരീഫ് അവസാനമായി ബംഗ്ലാദേശിനായി കളിച്ചത്. വരും ദിവസങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറഞ്ഞു. പരിക്ക് മൂലം തനിക്ക് പൂര്‍ണ്ണമായി തന്റെ ക്രിക്കറ്റ് കരിയര്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചില്ലെന്ന് താരം വ്യക്തമാക്കി.

Previous articleകൊല്‍ക്കത്തയിലേക്ക് തിരികെ എത്തുവാന്‍ കാത്തിരിക്കുന്നു, അവിടെ ചെലവഴിച്ച മൂന്ന് സീസണുകളിലെ ഓര്‍മ്മകള്‍ മികച്ചത്
Next articleക്യാപ്റ്റനെന്ന നിലയില്‍ ഏറെ മുന്നിലാണ് ദിനേശ് കാര്‍ത്തിക്ക്, മികച്ച ക്രിക്കറ്റിംഗ് ബ്രെയിനുള്ള താരം