രണ്ടാം ടി20യിൽ നിന്ന് മിച്ചൽ സ്റ്റാർക്ക് പുറത്ത്

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ നിന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് പുറത്ത്. ആദ്യ ടി20 കളിക്കുന്നതിനിടെ താരത്തിന്റെ വിരലിന് പരിക്കേറ്റിരുന്നു. തുടർന്നാണ് രണ്ടാം ടി20യിൽ താരം പരിക്കുമൂലം കളിക്കില്ലെന്ന് ഉറപ്പായത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ആദ്യ ഓവർ എറിയുന്നതിനിടെയാണ് സ്റ്റാർക്കിന് പരിക്കേറ്റത്.

പരിക്കേറ്റെങ്കിലും താരം മത്സരം പൂർത്തിയാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ താരം 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു. പാത്തും നിസ്സംഗ, വനിണ്ടു ഹസരംഗ, ദുഷ്മന്ത ചമീര എന്നിവരുടെ വിക്കറ്റുകളാണ് സ്റ്റാർക്ക് വീഴ്ത്തിയത്. മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.