സ്റ്റാര്‍ക്കിനു പ്രതീക്ഷ, പാക്കിസ്ഥാനെതിരെ മടങ്ങി വരാനാകുമെന്ന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ തിരിച്ചുവരവ് പാക്കിസ്ഥാനെതിരെ സാധ്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകകപ്പിനു മുമ്പ് താരത്തിനു തയ്യാറെടുപ്പിനു വേണ്ട മത്സര പരിചയത്തിനായി തനിക്ക് പാക്കിസ്ഥാന്‍ പരമ്പര കളിക്കുന്നതിലൂടെ സാധിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. ഏതാനുൺ ആഴ്ചയ്ക്കുള്ളില്‍ താന്‍ വീണ്ടും ബൗളിംഗ് ആരംഭിക്കുമെന്നും മാര്‍ച്ച് 22നു ആരംഭിക്കുന്ന പരമ്പരയില്‍ താനുണ്ടാകുമെന്നുമാണ് സ്റ്റാര്‍ക്ക് പറയുന്നത്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങള്‍ നഷ്ടമാകുമെങ്കിലും പാക്കിസ്ഥാനെതിരെ തനിക്ക് തിരിച്ചുവരാനാകുമെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്. ഇന്ത്യന്‍ പരമ്പരയില്‍ ഒരു ഘട്ടത്തിലും തനിക്ക് തിരിച്ചുവരവിനുള്ള സാധ്യതയില്ല. എന്നാല്‍ പാക്കിസ്ഥാനെതിരെ കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്ന് സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

മാര്‍ച്ച് 2-13 വരെയാണ് ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനു മുമ്പ് ഫെബ്രുവരി അവസാനത്തില്‍ ടീം രണ്ട് ടി20 മത്സരങ്ങളിലും പങ്കെടുക്കും. പാക്കിസ്ഥാനെതിരെ മാര്‍ച്ച് 22 മുതല്‍ 31 വരെ അഞ്ച് ഏകദിനങ്ങളിലാണ് ഓസ്ട്രേലിയ കളിയ്ക്കുന്നത്.