ശതകം പൂര്‍ത്തിയാക്കി മിച്ചൽ, ന്യൂസിലാണ്ട് പൊരുതുന്നു

Darylmitchell

ലീഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ 325/8 എന്ന നിലയിൽ ന്യൂസിലാണ്ട്. ഡാരിൽ മിച്ചൽ 109 റൺസ് നേടി ജാക്ക് ലീഷിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ രണ്ടാം ദിവസം ല‍ഞ്ചിന് ടീമുകള്‍ പിരിയുകയായിരുന്നു.

3 വീതം വിക്കറ്റുമായി സ്റ്റുവര്‍ട് ബ്രോഡും ജാക്ക് ലീഷുമാണ് ഇംഗ്ലണ്ട് ബൗളിംഗ് നിരയിൽ തിളങ്ങിയത്. 55 റൺസ് നേടിയ ടോം ബ്ലണ്ടലിനെ ആണ് ആദ്യം ന്യൂസിലാണ്ടിന് നഷ്ടമായത്. ആറാം വിക്കറ്റിൽ 120 റൺസാണ് മിച്ചലും ബ്ലണ്ടലും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ മൈക്കൽ ബ്രേസ്വെല്ലിനെയും ടീമിന് നഷ്ടമായി. പിന്നീട് ടിം സൗത്തിയും മിച്ചലും ചേര്‍ന്ന് 60 റൺസ് നേടി ടീമിനെ മുന്നൂറ് കടത്തിയെങ്കിലും ല‍ഞ്ചിന് തൊട്ടുമുമ്പ് മിച്ചലിനെ ന്യൂസിലാണ്ടിന് നഷ്ടമായി. ടിം സൗത്തി 33 റൺസുമായി ക്രീസിലുണ്ട്.