മത്സരം അവസാനിപ്പിക്കുന്നതിലെ പാളിച്ചകളാണ് വിന്‍ഡീസിന്റെ തിരിച്ചടി

ലോകകപ്പിലും ഇന്ത്യയ്ക്കെതിരെയും മത്സരത്തില്‍ വേണ്ട സമയത്ത് വേണ്ട രീതിയില്‍ കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായി മാറിയതെന്ന് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. ഇംഗ്ലണ്ടിനെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പരമ്പര സമനിലയിലാക്കിയെങ്കിലും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രകടനം ലോകകപ്പില്‍ ടീമില്‍ നിന്നുണ്ടായില്ല. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തുവെങ്കിലും പിന്നീട് നിറം മറ്റിയ പ്രകടനമാണ് വിന്‍ഡീസ് പുറത്തെടുത്തത്. ഇതിനെല്ലാം കാരണം മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതിലെ പാളിച്ചകളാണെന്നാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പറയുന്നത്.

ലോകകപ്പിനെ അപേക്ഷിച്ച് ബാറ്റിംഗ് ഏറെ മെച്ചപ്പെട്ടുവെങ്കിലും ലഭിയ്ക്കുന്ന തുടക്കം പോലെ തന്നെ അവസാന ഓവറുകളിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കുന്നില്ലെന്ന് ബ്രാത്‍വൈറ്റ് അഭിപ്രായപ്പെട്ടു. അടുത്ത മത്സരത്തില്‍ മത്സരത്തിലുടനീളം മികവ് പുലര്‍ത്തുവാന്‍ വിന്‍ഡീസിന് സാധിക്കുമെന്നും ബ്രാത്‍വൈറ്റ് പ്രതീക്ഷ ചെലുത്തി. മൂന്നാം ഏകദിനം വിജയിച്ചാല്‍ പരമ്പര സമനിലയിലാക്കാമെന്നതും വിന്‍ഡീസിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.