അമീറിനെ പുറത്താക്കിയത് മോശം ഫോം കാരണം – മിസ്ബ ഉള്‍ ഹക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുഹമ്മദ് അമീറിനെ പാക് ടീമില്‍ നിന്ന് പുറത്താക്കിയത് താരത്തിന്റെ മോശം ഫോം കാരണമായിരുന്നുവെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. നേരത്തെ പാക്കിസ്ഥാന്‍ കോച്ചിംഗ് സെറ്റപ്പിന്റെ മാനസിക പീഢനം കാരണം താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.

താരം തന്റെ പ്രകടനങ്ങളില്‍ ശ്രദ്ധ ചെലുത്തണമായിരുന്നുവെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും മിസ്ബ സൂചിപ്പിച്ചു. താരത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ താന്‍ എന്നും താരങ്ങളെ ബഹുമാനിച്ചിട്ടുണ്ടെന്നും താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയപ്പോള്‍ അന്ന് ക്യാപ്റ്റനെന്ന നിലയിലും പിന്നീട് കോച്ചെന്ന നിലയിലും അമീറിനെ താന്‍ പിന്തുണച്ചിട്ടുണ്ടെന്ന് മിസ്ബ വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് താരം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ടീമില്‍ നിന്ന് പിന്മാറി. അതിന് ശേഷം ടീമിലേക്ക് തിരികെ എത്തിയെങ്കിലും മികച്ച ഫോം പുറത്തെടുക്കുവാനായില്ലെന്നും അമീര്‍ ഇപ്പോള്‍ മികച്ച പ്രകടനം നടത്തുകയല്ലായിരുന്നുവെന്നും മറ്റു ബൗളര്‍മാരില്‍ നിന്ന് അത് വരികയും ചെയ്തുവെന്ന് മിസ്ബ ഉള്‍ ഹക്ക് അഭിപ്രായപ്പെട്ടു.

വഖാറും താനും താരത്തിനോട് പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഷഹീന്‍, നസീം, ഹസ്നൈന്‍ എന്നീ താരങ്ങളോട് മത്സരിച്ച് നില്‍ക്കുവാന്‍ അമീറിന് സാധിക്കാതെ വന്നപ്പോള്‍ സീനിയര്‍ താരമാണെങ്കിലും പുറത്ത് ഇരുത്തേണ്ട സാഹചര്യമാണുണ്ടായതെന്നും അമീര്‍ പറയുന്ന പോലെ വഖാര്‍ അല്ല ഇതിന് പിന്നിലെന്നും മിസ്ബ വ്യക്തമാക്കി.

അമീറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സെലക്ടര്‍മാരും ക്യാപ്റ്റന്മാരും എല്ലാം ഉള്‍പ്പെടുന്നുവെന്നും ആര്‍ക്കും താരത്തിന് മറ്റൊരു അവസരം നല്‍കണമെന്നുണ്ടായിരുന്നില്ലെന്നും മിസ്ബ വ്യക്തമാക്കി.