താന്‍ ഉടനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്നേക്കാമെന്ന് മുഹമ്മദ് അമീര്‍

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ സാധ്യതയെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍. താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴി‍ഞ്ഞ വര്‍ഷം ആണ് വിരമിക്കുവാന്‍ തീരുമാനിച്ചത്. പിസിബി സിഇഒ വസീം ഖാനുമായി താന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നാൽ പാക്കിസ്ഥാന്‍ ടീമിൽ താന്‍ വീണ്ടുമെത്തുമെന്ന് മുഹമ്മദ് അമീര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റും കോച്ച് മിസ്ബ ഉള്‍ ഹക്കുമായി തെറ്റിയാണ് അമീര്‍ തന്റെ 29ാം വയസ്സിൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാനേജ്മെന്റ് മാറിയാൽ താന്‍ തിരികെ എത്താമെന്നും താരം പറ‍ഞ്ഞിരുന്നു. വസീം ഖാനുമായി താരം നടത്തിയ ചര്‍ച്ചയെന്താണെന്ന് വ്യക്തമല്ലെങ്കിലും പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിനെ അത്തരത്തിൽ മാറ്റുവാന്‍ ബോര്‍ഡ് മുതിരുമോ എന്നും അതോ താരം തന്റെ നിലപാടിൽ അയവ് വരുത്തുമോ എന്നുമാണ് കാണേണ്ടത്.

താരവും മാനേജ്മെന്റുമായുള്ള പിണക്കം മാറ്റുവാന്‍ താന്‍ ശ്രമിക്കുമെന്നാണ് വസീം ഖാന്‍ മുന്‍ അവസരങ്ങളിൽ പറഞ്ഞിട്ടുള്ളത്. അമീര്‍ വളരെ മികച്ചൊരു താരമാണെന്നും താരത്തിന്റെ സേവനം പാക്കിസ്ഥാന് മുതല്‍ക്കൂട്ടാവുമെന്നും വസീം ഖാന്‍ പറഞ്ഞു.

Previous articleചാമ്പ്യന്മാർ ഇന്ന് ഇറങ്ങും, തടയാൻ ഹംഗറി
Next articleഇന്നാണ് കാത്തിരുന്ന പോരാട്ടം, യൂറോപ്പിലെ വൻ ശക്തികളായ ഫ്രാൻസും ജർമ്മനിയും നേർക്കുനേർ