മയാംഗ് അഗര്‍വാളിനും മുഹമ്മദ് ഷമിയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ വലിയ നേട്ടം

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിയും മയാംഗ് അഗര്‍വാളും. ഇന്‍ഡോറില്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെയും 130 റണ്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങള്‍ റാങ്കിംഗില്‍ വലിയ നേട്ടമാണ് നേടിയിട്ടുള്ളത്.

ഇരട്ട ശതകം നേടിയ മയാംഗ് 691 റേറ്റിംഗ് പോയിന്റ് നേടി 11ാം സ്ഥാനത്തിലേക്ക് എത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയ്ക്ക് തൊട്ടുപുറകെയാണ് മയാംഗ് നില്‍ക്കുന്നത്. രോഹിത്തിന് 701 റേറ്റിംഗ് പോയിന്റാണുള്ളത്. രോഹിത്ത് പത്താം സ്ഥാനത്താണുള്ളത്.
ഇന്‍ഡോറില്‍ 243 റണ്‍സാണ് മയാംഗ് നേടിയത്. മയാംഗ് തന്റെ ആദ്യ എട്ട് ടെസ്റ്റില്‍ നിന്ന് 858 റണ്‍സാണ് നേടിയിട്ടുള്ളത്. ഡോണ്‍ ബ്രാഡ്മാനും(121) സുനില്‍ ഗവാസ്കറും(938), മാര്‍ക്ക് ടെയിലറും(907) ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ മാത്രമാണ് ആദ്യ എട്ട് ടെസ്റ്റില്‍ മയാംഗിനെക്കാള്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങള്‍. എവര്‍ട്ടണ്‍ വീക്സ്(968), ജോര്‍ജ്ജ് ഹെഡ്ലി(904), ഫ്രാങ്ക് വോറെല്‍(890), ഹെര്‍ബെര്‍ട് സട്ക്ലിഫ്(872) എന്നിവരാണ് മയാംഗിനെക്കാള്‍ അധികം റണ്‍സ് ആദ്യ എട്ട് ടെസ്റ്റുകളില്‍ നേടിയിട്ടുള്ള താരങ്ങള്‍.

മുഹമ്മദ് ഷമി ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് നേടിയപ്പോള്‍ 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. 790 റേറ്റിംഗ് പോയിന്റുള്ള ഷമി ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ റേറ്റിംഗ് പോയിന്റിലേക്കാണ് എത്തിയത്. കപില്‍ ദേവ് 877 പോയിന്റും ജസ്പ്രീത് ബുംറ 832 പോയിന്റ് നേടിയതുമാണ് ഷമിയ്ക്ക് മേലുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.

Previous article“മോയ്സെ കീൻ യുവന്റസ് വിട്ടത് തെറ്റായ തീരുമാനം”
Next articleമെസ്സി ബാഴ്സയിൽ പുതിയ കരാർ ഒപ്പിട്ടേക്കും, ചർച്ചകൾ ആരംഭിച്ചു