ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യാതൊരു നീതിയും ഇല്ലാത്ത പകരം വയ്ക്കലുകളാണ് ഇവയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റപ്പോള്‍ ടീമിലേക്ക് വിളിച്ചത് മധ്യനിര ബാറ്റ്സ്മാനായ ഋഷഭ് പന്തിനെയും പിന്നീട് മധ്യനിര താരം വിജയ് ശങ്കര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത മയാംഗ് അഗര്‍വാളിനെയാണ് ടീം ഉള്‍പ്പെടുത്തിയത്.
ഈ തിരഞ്ഞെടുപ്പുകളെല്ലാം തന്നെ ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നാണ് പ്രസാദ് പറയുന്നത്. ധവാന് പരിക്കേറ്റപ്പോള്‍ ടീമില്‍ മൂന്നാം ഓപ്പണറായി കെഎല്‍ രാഹുലുണ്ടായിരുന്നു. ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് ഒരു ഇടംകൈയ്യന്‍ ബാറ്റ്സ്മാനെയായിരുന്നു, പന്ത് അല്ലാതെ ഒരു ഉപാധി നമ്മുക്ക് പകരം ഇല്ലായിരുന്നുവെന്നും പ്രസാദ് പറഞ്ഞു. പന്തിന് കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അതാണ് പന്തിനെ തിരഞ്ഞെടുക്കുവാന്‍ കാരണം, എന്നാല്‍ ആളുകള്‍ അതിനെ ഓപ്പണര്‍ക്ക് പകരം മധ്യ നിര ബാറ്റ്സ്മാനെ എടുത്തുവെന്നു കരുതിയെന്ന് പ്രസാദ് പറഞ്ഞു.
സമാനമായ രീതിയിലായിരുന്നു വിജയ് ശങ്കറിന്റെ പകരക്കാരനും എത്തിയത്. ശങ്കര്‍ പരിക്കേറ്റതിന് ശേഷം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിംഗിനിടെ വീഴുകയും പിന്നീട് ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യുവാനായിരുന്നില്ല, ആ സമയത്ത് ഒരു കരുതല്‍ ഓപ്പണര്‍ ആവശ്യമാണെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഞങ്ങള്‍ പല ഓപ്പണര്‍മാരെയും പരിഗണിച്ചു, എന്നാല്‍ പലരും പരിക്കിന്റെ പിടിയിലും ഫോമില്ലാതെയും ആയിരുന്നു. അതിനാല്‍ തന്നെ ഫോമിലുള്ള മയാംഗിനെ ടീം പരിഗണിച്ചുവെന്നും അതില്‍ വലിയ അവ്യക്തതയൊന്നുമില്ലായിരുന്നുവെന്നും പ്രസാദ് വ്യക്തമാക്കി.