മാക്സ്വെല്‍ സമ്പൂര്‍ണ്ണമായ പാക്കേജ് – ആരോണ്‍ ഫിഞ്ച്

അടുത്തിടെ വരെ ഓസ്ട്രേലിയയുടെ ഏകദിന ടീമില്‍ അവസരം ലഭിയ്ക്കുവാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന ആരോണ്‍ ഫിഞ്ചിനു ഇപ്പോള്‍ നല്ല കാലമാണ്. യഥേഷ്ടം റണ്‍സ് കണ്ടെത്തിയ താരം ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലും പ്രത്യേകിച്ച് പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലും മികവ് പുലര്‍ത്തിയിരുന്നു. മാക്സ്വെല്‍ ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് എന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് വിശേഷിപ്പിച്ചത്.

വെടിക്കെട്ട് ബാറ്റിംഗിനൊപ്പം അവസരത്തിനൊത്തുയര്‍ന്ന ഓഫ് സ്പിന്നറും മിന്നല്‍ വേഗത്തില്‍ ഫീല്‍ഡില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം ഓസ്ട്രേലിയയുടെ പാക്കിസ്ഥാന്‍ പരമ്പരയില്‍ അവസാന മൂന്ന് മത്സരങ്ങളില്‍ തിളങ്ങിയിരുന്നു. 55 പന്തില്‍ നിന്ന് 71 റണ്‍സ്, 82 പന്തില്‍ 98 റണ്‍സ് എന്നീ പ്രകടനങ്ങള്‍ക്ക് ശേഷം അവസാന ഏകദിനത്തില്‍ താരം 33 പന്തില്‍ നിന്ന് 70 റണ്‍സ് നേടി തിളങ്ങുകയായിരുന്നു.

ഓരോ തവണയും ക്രീസിലെത്തുമ്പോള്‍ ആരാധകര്‍ ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന താരമാണ് – കാരണം താരത്തിനു എന്ത് ചെയ്യാനാകുമെന്ന് ക്രിക്കറ്റ് ലോകം മുമ്പ് കണ്ടിട്ടുള്ളതാണ്. എന്നാല്‍ ബാറ്റ് കൊണ്ട് റണ്‍സ് കണ്ടെത്താത്ത ഘട്ടത്തില്‍ താരം ഫീല്‍ഡില്‍ ഇരുപത് മുപ്പത് റണ്‍സ് രക്ഷപ്പെടുത്തും. ഓവറുകള്‍ എറിഞ്ഞ് നിര്‍ണ്ണായക ഘട്ടത്തില്‍ വിക്കറ്റുകള്‍ നേടും ഇതൊന്നും ആരും ശ്രദ്ധിക്കാറില്ലെന്ന് ഫിഞ്ച് പറഞ്ഞു.