ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് തന്നെ വിരമിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണവുമായി മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർടാസ. തന്നെ വിരമിക്കാൻ നിർബന്ധിച്ചത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും മുൻ ബംഗ്ലാദേശ് താരം വെളിപ്പെടുത്തി. ബംഗ്ലാദേശ് ക്രിക്കറ്റിന് താൻ നൽകിയ സംഭാവനകളെ ബഹുമാനിക്കാത്ത തന്നെ വിരമിക്കാൻ നിർബന്ധിച്ചത് തന്നെ വേദനിപ്പിച്ചെന്നും മൊർടാസ പറഞ്ഞു.
തനിക്ക് വേണ്ടി വിരമിക്കൽ മത്സരം ഒരുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തിടുക്കം കാട്ടിയെന്നും അതിനായി 2 കോടിയോളം രൂപ മുടക്കി തനിക്ക് വിരമിക്കൽ മത്സരം ഒരുക്കാൻ ശ്രമം നടത്തിയെന്നും മഷ്റഫെ മൊർടാസ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങൾക്ക് വേണ്ട രീതിയിൽ പണം ലഭിക്കാതെയിരിക്കുമ്പോൾ എന്തിന് വേണ്ടിയാണ് 2 കോടി മുടക്കി തനിക്ക് വിരമിക്കാൻ ഒരു മത്സരം ഒരുക്കാൻ ശ്രമിച്ചതെന്നും മഷ്റഫെ മൊർടാസ ചോദിച്ചു.
ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റിൽ 78 വിക്കറ്റും ഏകദിനത്തിൽ 270 വിക്കറ്റും ടി20യിൽ 42 വിക്കറ്റും മഷ്റഫെ മൊർടാസ നേടിയിട്ടുണ്ട്. 2019ലെ ലോകകപ്പിൽ താരം മോശം പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തിന്റെ വിരമിക്കലിന് വഴി തെളിഞ്ഞത്. ടൂർണമെന്റിൽ വെറും 1 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.