ബാറ്റ് ചെയ്യുവാന്‍ ഇഷ്ടം മൂന്നാം നമ്പര്‍, ലക്ഷ്യവും അത് തന്നെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തിനാണ് തന്റെ നോട്ടമെന്ന് വ്യക്തമാക്കി മാര്‍നസ് ലാബൂഷാനെ. ഓസ്ട്രേലിയന്‍ ടീമില്‍ സ്ഥാനം ലഭിയ്ക്കുകയാണെങ്കില്‍ അത് ടോപ് ഓര്‍ഡറില്‍ തന്നെ ബാറ്റ് ചെയ്യുവാനായാലാണ് തനിക്കും അതിന്റെ ഗുണം ലഭിയ്ക്കുകയും ഏറെ എളുപ്പവുമെന്നാണ് ലാബൂഷാനെ പറയുന്നത്. എന്നാല്‍ അത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറില്‍ വിലക്കില്‍ നിന്ന് രണ്ട് താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായി കാമറൂണ്‍ ബാന്‍ക്രോഫ്ടും ഡേവിഡ് വാര്‍ണറും പരിഗണിക്കപ്പെടാം. ഒപ്പം പുതുതായി അരങ്ങേറ്റം കുറിച്ച മാര്‍ക്കസ് ഹാരിസും ടീമിലേക്കുള്ള തന്റെ അവസരത്തിനു സാധ്യമാകുന്ന പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്.

സ്വാഭാവികമായി ഓസ്ട്രേലിയയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തിന്റെ യഥാര്‍ത്ഥ ഉടമ ഉസ്മാന്‍ ഖവാജയാണ്. ടീമിനു വേണ്ടി ഓപ്പണറായി അത്യാവശ്യ ഘട്ടങ്ങളില്‍ താരം തന്റെ സ്ഥാനം ത്യജിച്ച് ഇറങ്ങിയിട്ടുണ്ട്. ഖവാജ ഓപ്പണറായി ഇറങ്ങിയപ്പോള്‍ സിഡ്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട താരം മാര്‍നസ് ലാബൂഷാനെ ആയിരുന്നു. അത് കോച്ച് ജസ്റ്റിന്‍ ലാംഗറിനു താരത്തിലുള്ള വിശ്വാസം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിഡ്നിയില്‍ 38 റണ്‍സാണ് നേടിയതെങ്കിലും ഓസ്ട്രേലിയയുടെ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമില്‍ താരത്തിനു സ്ഥാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മടങ്ങിയെത്തുവാന്‍ സാധ്യതയുള്ള ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഒരു കാലത്ത് മൂന്നാം നമ്പറില്‍ തിളങ്ങിയ താരമാണ്. സ്മിത്തും തിരികെ ടീമിലെത്തുകയാണെങ്കില്‍ ആദ്യ ആറില്‍ തന്നെ ഇടം പിടിയ്ക്കുവാന്‍ ലാബൂഷാനെയ്ക്ക് ആകുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും താരം മൂന്നാം നമ്പറില്‍ ഇറങ്ങണമെന്ന ആഗ്രഹമാണ് പ്രകടമാക്കുന്നത്.

ബാറ്റ് ചെയ്യാന്‍ എളുപ്പം ടോപ് ഓര്‍ഡറിലാണെന്നാണ് താരം പറയുന്നത്. തന്റെ അനുഭവം അതാണെന്നാണ് ലാബൂഷാനെയുടെ പക്ഷം.