ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനം ലസിത് മലിംഗയുടെ വിരമിക്കല്‍ മത്സരമായിരിക്കുമെന്ന് താരം. ജൂലൈ 26ന് കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലസിത് മലിംഗ കളിക്കുമെങ്കിലും ആ മത്സരത്തിന് ശേഷം താരം വിരമിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയുടെ ബൗളിംഗിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ താരം തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ ലോകേഷ് രാഹുലിനെ പുറത്താക്കി വസീം അക്രമിന്റെ 55 ലോകകപ്പ് വിക്കറ്റെന്ന റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. 28 ഇന്നിംഗ്സുകളില്‍ നിന്നായി 56 വിക്കറ്റുകള്‍ നേടിയാണ് മലിംഗ ലോകകപ്പില്‍ നിന്ന് വിടപറയുന്നത്.
മലിംഗ 225 മത്സരങ്ങളാണ് ഇതുവരെ ഏകദിനത്തില്‍ കളിച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തോടെ 226 ഏകദിനങ്ങളുമായി താരം റിട്ടയര്‍ ചെയ്യും. 335 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 2004ല്‍ യുഎഇയ്ക്കെതിരെയാണ് തന്റെ ഏകദിന അരങ്ങേറ്റം മലിംഗ നടത്തിയത്. ഏകദിനത്തില്‍ നിന്ന് വിരമിച്ചുവെങ്കിലും താരം തുടര്‍ന്നും ടി20 ക്രിക്കറ്റില്‍ സജീവമായിരിക്കും.