ന്യൂസിലാണ്ടിന്റെ റണ്ണൊഴുക്കിനെ തടഞ്ഞ് ലിയാം പ്ലങ്കറ്റിന്റെ സ്പെല്‍, ലോകകപ്പ് നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 242 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിന് നേടാനായത് 241 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ ഹെന്‍റി നിക്കോളസ് നേടിയ അര്‍ദ്ധ ശതകവും 47 റണ്‍സ് നേടിയ ടോം ലാഥവുമാണ്  ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റും ക്രിസ് വോക്സും 3 വീതം വിക്കറ്റ് നേടി.

മാര്‍ട്ടിന്‍ ഗപ്ടില്‍ 19 റണ്‍സിന് പുറത്തായ ശേഷം കെയിന്‍ വില്യംസണ്‍-ഹെന്‍റി നിക്കോളസ് കൂട്ടുകെട്ട് ടീമിനെ 74 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിച്ചുവെങ്കിലും ലിയാം പ്ലങ്കറ്റിന്റെ ഇരട്ട പ്രഹരങ്ങള്‍ ന്യൂസിലാണ്ടിന്റെ നടുവൊടിച്ചു. 103/1 എന്ന നിലയില്‍ നിന്ന് ടീം 118/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. വില്യംസണ്‍ 30 റണ്‍സും ഹെന്‍റി നിക്കോളസ് 55 റണ്‍സുമാണ് നേടിയത്.

അതിന് ശേഷം തന്റെ പതിവ് ശൈലിയില്‍ മെല്ലെ ബാറ്റ് വീശി നിലയുറപ്പിക്കുവാന്‍ ശ്രമിച്ച റോസ് ടെയിലറിനെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അത് ഇറാസ്മസിന്റെ തെറ്റായ തീരുമാനമാണെന്ന് റിപ്ലേയില്‍ തെളിഞ്ഞു. എന്നാല്‍ ന്യൂസിലാണ്ടിന്റെ കൈയ്യില്‍ റിവ്യൂ അവശേഷിക്കാതിരുന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കാനായില്ല. ഏറെ നേരമായി ബൗണ്ടറി നേടുവാന്‍ കഴിയാതെ ഇഴഞ്ഞ് നീങ്ങിയ ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഈ വിക്കറ്റ് നഷ്ടമായത് ഒരു തരത്തില്‍ തുണയാകുകയായിരുന്നു.

ജെയിംസ് നീഷവും ടോം ലാഥവും ബൗണ്ടറികള്‍ നേടുവാന്‍ തുടങ്ങിയെങ്കിലും 19 റണ്‍സ് നേടിയ നീഷത്തിനെ പുറത്താക്കി ലിയാം പ്ലങ്കറ്റ് തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ലാഥം-ഗ്രാന്‍ഡോം കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ ഇരുനൂറ് കടക്കുവാന്‍ സഹായിച്ചത്. 46 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മത്സരത്തില്‍ നേടിയത്.

16 റണ്‍സ് നേടിയ ഗ്രാന്‍ഡോമിനെ വീഴത്തി ക്രിസ് വോക്സാണ് കൂട്ടുകെട്ട് തകര്‍ത്തത്. 47 റണ്‍സ് നേടിയ ടോം ലാഥമിനെ തന്റെ അര്‍ദ്ധ ശതകത്തിനുള്ള അവസരവും വോക്സ് നിഷേധിച്ചു. ഇന്നിംഗ്സിലെ തന്റെ 3ാം വിക്കറ്റാണ് വോക്സ് നേടിയത്. അവസാന ഓവറില്‍ മാറ്റ് ഹെന്‍റിയെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ തന്റെ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി.