മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

- Advertisement -

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണുമായാണ് മൊര്‍തസ ഉപമിച്ചത്.

മഹമ്മദുള്ള ലക്ഷ്മണിനെ പോലെ ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തുന്ന താരമാണെന്ന് മൊര്‍തസ പറഞ്ഞു. മറ്റു താരങ്ങള്‍ പ്രകടനം പുറത്തെടുക്കുമ്പോള്‍ മഹമ്മദുള്ളയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരില്ലായിരിക്കാം എന്നാല്‍ ടീം പ്രതിസന്ധിയിലുള്ളപ്പോള്‍ എന്നും മുന്നില്‍ നിന്ന് ടീമിനെ രക്ഷിച്ചിട്ടുള്ളവരാണ് വിവിഎസ് ലക്ഷ്മണും മഹമ്മദുള്ളയും എന്ന് മൊര്‍തസ വ്യക്തമാക്കി.

മഹമ്മദുള്ള നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ഏകദിനത്തില്‍ അനായാസം ഏഴായിരത്തിലധികം റണ്‍സ് നേടുമായിരുന്നുവെന്നും എന്നാല്‍ ടീമിന്റെ ആവശ്യം അനുസരിച്ച് താരം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെന്നും മൊര്‍തസ സൂചിപ്പിച്ചു.

188 ഏകദിനത്തില്‍ നിന്ന് മൂന്ന് ശതകങ്ങളും 21 അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടെ 4070 റണ്‍സാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്. 49 ടെസ്റ്റില്‍ നിന്ന് 2764 റണ്‍സും 87 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 1475 റണ്‍സുമാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്.

Advertisement