ജോഫ്രയുടെ വരവ്, തന്റെ സാധ്യതകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അറിയിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍

- Advertisement -

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ തയ്യാറായി വന്നതോട് കൂടി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇംഗ്ലണ്ട് ഒരുക്കിക്കൊണ്ടും വന്ന ബൗളിംഗ് യൂണിറ്റിനെ പൊളിച്ചെഴുതേണ്ട അവസ്ഥയാണ് ഇംഗ്ലണ്ട് സെലക്ടര്‍മാരും ടീം മാനേജ്മെന്റും നേരിടേണ്ടി വന്നത്. ആര്‍ച്ചറെ ടീമില്‍ എടുക്കേണ്ടതില്ലെന്നും നിലവിലെ ബൗളിംഗ് യൂണിറ്റിനെ തന്നെ നിലനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നുവെങ്കിലും ഇംഗ്ലണ്ടിനു വേണ്ടി കളിയ്ക്കുവാന്‍ അവസരം ലഭിച്ച ജോഫ്രയുടെ പ്രകടനം അവഗണിക്കാനാവുന്നതായിരുന്നില്ല.

അതേ സമയം ജോഫ്ര എത്തിയപ്പോള്‍ സ്ഥാനം നഷ്ടമായത് ഡേവിഡ് വില്ലിയ്ക്കാണെങ്കിലും താനും ആശങ്കയിലായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ലിയാം പ്ലങ്കറ്റ്. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് മികച്ച ബൗളിംഗ് പ്രകടനം താരം പുറത്തെടുത്തുവെങ്കിലും ജോഫ്ര ആര്‍ച്ചര്‍ ടീമിലേക്കുള്ള സാധ്യതയായി മാറിയപ്പോള്‍ പലരെയും പോലെ താനും ആശങ്കയിലായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

ജോഫ്രയുടെ പേസില്‍ എറിയുവാന്‍ കഴിയുന്ന താരത്തിനാവാത്തത്, ഡേവിഡ് വില്ലി ലെഫ്റ്റ്-ആം ബൗളര്‍ ആണെന്ന വൈവിധ്യമാര്‍ന്ന കാര്യവും പരിഗണിച്ചപ്പോള്‍ തനിക്കാവും പുറത്ത് പോകേണ്ടി വരികയെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും ലിയാം പ്ലങ്കറ്റ് അഭിപ്രായപ്പെട്ടു. താന്‍ സ്ക്വാഡില്‍ സ്ഥാനം നേടുവാന്‍ ആര്‍ഹനായിരുന്നുവെന്നാണ് താന്‍ കരുതുന്നതെങ്കിലും സെലക്ടര്‍മാര്‍ക്ക് അങ്ങനെ തോന്നേണ്ടതാണ് പ്രധാനമെന്നും ലിയാം പ്ലങ്കറ്റ് പറഞ്ഞു.

 

Advertisement