ടി20 പരമ്പര വിന്‍ഡീസിനു, 36 പന്തില്‍ 89 റണ്‍സുമായി ലൂയിസ്, കീമോ പോളിനു 5 വിക്കറ്റ്

ബാറ്റിംഗില്‍ എവിന്‍ ലൂയിസും ബൗളിംഗില്‍ കീമോ പോളും തിളങ്ങിയ മൂന്നാം ടി20 മത്സരത്തില്‍ വിജയം കുറിച്ച് പരമ്പര സ്വന്തമാക്കി വിന്‍ഡീസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.2 ഓവറില്‍ 190 റണ്‍സിനു പുറത്താകുകയായിരുന്നു. 36 പന്തില്‍ 8 സിക്സും 6 ബൗണ്ടറിയും അടക്കം 89 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ ബാറ്റിംഗാണ് വിന്‍ഡീസിനു തുണയായത്. നിക്കോളസ് പൂരന്‍ 29 റണ്‍സും ഷായി ഹോപ് 23 റണ്‍സും നേടി പുറത്തായി. 5 ഓവറില്‍ നിന്ന് 76 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ലൂയിസ്-ഹോപ് കൂട്ടുകെട്ട് നേടിയത്. മൂന്ന് വീതം വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മഹമ്മദുള്ള എന്നിവര്‍ ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

17 ഓവറില്‍ 140 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുമ്പോള്‍ തകര്‍ച്ചയ്ക്ക് കാരണമായത് 5 വിക്കറ്റ് നേടിയ കീമോ പോളിന്റെ പ്രകടനമാണ്. 43 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. 50 റണ്‍സ് ജയം നേടിയ വിന്‍ഡീസിനു വേണ്ടി ഫാബിയന്‍ അല്ലെന്‍ രണ്ട് വിക്കറ്റും നേടി.