വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കാന്‍ ലാറയും സര്‍വനും

- Advertisement -

വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ ഇന്ത്യയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനായി സഹായം നല്‍കുവാന്‍ ബ്രയന്‍ ലാറയും രാംനരേഷ് സര്‍വനും. ആന്റിഗ്വയില്‍ കളിക്കാര്‍ക്കായി പ്രീ സീസണ്‍ ക്യാമ്പ് സംഘടിപ്പിക്കുമ്പോള്‍ ഇരുവരും താരങ്ങള്‍ക്കൊപ്പം ചേരും. ഓഗസ്റ്റ് 22നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ആന്റിഗ്വ തന്നെയാണ് ടെസ്റ്റിന്റെ വേദി. ലാറയും സര്‍വനും വിജയിക്കേണ്ടതെങ്ങനെയെന്ന് തെളിയിച്ച താരങ്ങളാണെന്നും അവര്‍ക്ക് ഇന്നും വിന്‍ഡീസ് ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശവും സ്നേഹവും ഉണ്ടെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ ജിമ്മി ആഡംസ് പറഞ്ഞു.

ഇരുവരും തങ്ങളുടെ അനുഭവസമ്പത്ത് ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്ന് നല്‍കുവാന്‍ സന്നദ്ധരാണെന്നും ജിമ്മി പറഞ്ഞു. ടി20, ഏകദിന പരമ്പര നഷ്ടപ്പെട്ട വിന്‍ഡീസിന്റെ ബാറ്റിംഗ് പരമ്പരയിലുടനീളം മോശമായിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30ന് ജമൈക്കയിലാണ് അരങ്ങേറുക.

Advertisement