ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗില്‍, കാന്‍ഡി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിയ്ക്കും

- Advertisement -

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ലങ്ക പ്രീമിയര്‍ ലീഗിലേക്ക്. കാന്‍ഡി ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസിയുടെ വിദേശ സൈനിംഗില്‍ ഒരാളായാണ് താരം ലങ്കയിലേക്ക് പറക്കുന്നത്. ടീമിന്റെ ഐക്കണ്‍ താരമായ ക്രിസ് ഗെയിലിനൊപ്പമാവും പത്താന് കളിക്കാനാകുക.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഇര്‍ഫാന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ടീം ഉടമ സൊഹൈല്‍ ഖാന്‍ വ്യക്തമാക്കി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 13 വരെയാണ് ലങ്ക പ്രീമിയര്‍ ലീഗ് നടക്കുക. അഞ്ച് ഫ്രാഞ്ചൈസികളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.

15 ദിവസത്തെ ദൈര്‍ഘ്യത്തില്‍ 23 മത്സരങ്ങളാണ് ഈ അഞ്ച് ടീമുകള്‍ രണ്ട് വേദികളിലായി കളിക്കുക. കൊളംബോ, കാന്‍ഡി, ഗോള്‍, ദാംബുല്ല, ജാഫ്ന എന്നിവയാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികള്‍. ഡിസംബര്‍ 13ന് ആണ് ഫൈനല്‍ നടക്കുക. ഡിസംബര്‍ 14 റിസര്‍വ് തീയ്യതിയായും നിശ്ചയിച്ചിട്ടുണ്ട്.

ഹമ്പന്‍ടോട്ടയിലെ മഹീന്ദ രാജപക്സ അന്താരാഷ്ട്ര സ്റ്റേഡിയവും കാന്‍ഡിയിലെ പല്ലികേലെ അന്താരാഷ്ട്ര സ്റ്റേഡിയവുമാണ് ടൂര്‍ണ്ണമെന്റിന്റെ വേദികള്‍.

Advertisement