“ഇന്ത്യയുടെ മൂന്നാം ഇലവനോടേറ്റ പരാജയത്തില്‍ നാണമില്ലേ”, വോണിന്റെ ചോദ്യത്തിന് മറുപടിയുമായി ലാംഗര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയോട് ഏറ്റ ടെസ്റ്റ് പരമ്പരയിലെ പരാജയം ഓസ്ട്രേലിയയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളാരുമില്ലാതിരുന്നപ്പോളും ഓസ്ട്രേലിയയ്ക്ക് അവരെ പരാജയപ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് മൈക്കല്‍ വോണ്‍ തമാശയായി പറഞ്ഞത് ഇന്ത്യയുടെ മൂന്നാം ഇലവനോടാണ് ഓസ്ട്രേലിയ പരാജയപ്പെട്ടതെന്നാണ്.

എന്നാല്‍ ഇപ്പോള്‍ അതിന് മറുപടിയുമായി ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ എത്തുകയായിരുന്നു. വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ എല്ലാം പറയുമെങ്കിലും സത്യാവസ്ഥ ക്രിക്കറ്റിനെ അത്രമേല്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തെ ഒന്നര ബില്യണ്‍ ആളുകളില്‍ നിന്ന് അവസാന ഇലവനില്‍ ഇടം പിടിക്കണമെങ്കില്‍ അവര്‍ അത്രയും മികച്ച കളിക്കാരായിരിക്കണമെന്ന് ഏവരും അറിയാവുന്നതാണെന്ന് ലാംഗര്‍ പറഞ്ഞു.

ഒരു പറ്റം മികച്ച പ്രതിഭയുള്ള താരങ്ങളെയാണ് തങ്ങളന്ന് ഗ്രൗണ്ടില്‍ കണ്ടതെന്നും അവര്‍ അവരുടെ അവസരങ്ങള്‍ കൈക്കലാക്കുവാനായി തീവ്രതയോടെയാണ് മത്സരത്തെ സമീപിച്ചതെന്നും നിര്‍ഭാഗ്യവശാല്‍ തങ്ങളന്ന് എതിര്‍ഭാഗത്തായിരുന്നുവെന്നുമാണ് ലാംഗര്‍ പറഞ്ഞത്.

ഇന്ത്യയുടെ പ്രധാന താരങ്ങള്‍ പരിക്കേറ്റപ്പോള്‍ അവരുടെ യുവനിര ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തുവാനായി അരയും തലയും മുറുക്കിയിറങ്ങിയതാണ് നമ്മളേവരും കണ്ടതെന്നും ലാംഗര്‍ വ്യക്തമാക്കി.