നാലു മത്സരങ്ങളും ജയിച്ചാൽ ലാലിഗ സ്വന്തമാക്കാം, റയൽ മാഡ്രിഡ് ഇന്ന് സെവിയ്യക്ക് എതിരെ

റയൽ മാഡ്രിഡിന്റെ ഈ സീസണിലെ ഏക കിരീട പ്രതീക്ഷ ലാലിഗയിലാണ്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് കിരീടം നിലനിർത്തണം എങ്കിൽ ഇനി ലീഗിൽ ശേഷിക്കുന്ന നാലു മത്സരങ്ങളും വിജയിച്ചാൽ മതി. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് റയലിന്റെ കയ്യിലേക്ക് കിരീട സാധ്യത എത്തിയത്. നാലു മത്സരങ്ങൾ ജയിക്കുക റയലിന് പക്ഷെ ഒട്ടും എളുപ്പമായിരിക്കില്ല‌.

ഇന്ന് അവർ നേരിടേണ്ടത് റയലിന് തൊട്ടു പിറകിൽ ഉള്ള സെവിയ്യയെ ആണ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം ഫേസ്ബുക്കിൽ തത്സമയം കാണാം. ഇന്ന് വിജയിച്ചാൽ റയൽ മാഡ്രിഡിന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം. 35 മത്സരങ്ങളിൽ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ലീഗിൽ ഇപ്പോൾ ഒന്നാമതുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 74 പോയിന്റിലും നിൽക്കുന്നു. ഇന്ന് സെവിയ്യ വിജയിക്കുക ആണെങ്കിൽ അവർ 73 പോയിന്റുമായി റയലിന്റെ തൊട്ടു പിറകിൽ എത്തുകയും ചെയ്യും.

റയലിനൊപ്പം ഇന്ന് ക്യാപ്റ്റൻ റാമോസ് ഉണ്ടാകില്ല. റാമോസ് മാത്രമല്ല വരാനെ, കാർവഹാൽ എന്നീ താരങ്ങളും ഇന്ന് റയലിനൊപ്പം ഉണ്ടാകില്ല.