ന്യൂസിലാണ്ടിന് തിരിച്ചടി, ജാമിസണും ഫ്ലെച്ചറും ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ന്യൂസിലാണ്ടിന് വീണ്ടും തിരിച്ചടി. ഓള്‍റൗണ്ടര്‍ കൈൽ ജാമിസണും വിക്കറ്റ് കീപ്പര്‍ കാം ഫ്ലെച്ചറും പരിക്കേറ്റ് പരമ്പരയിൽ ഇനി കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇരു താരങ്ങള്‍ക്കും പരിക്കാണ് വില്ലനായത്. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ മൂന്നാം ദിവസം ആണ് ജാമിസണിന് പരിക്കേറ്റത്. ജാമിസണിന് പകരക്കാരനായി ബ്ലെയര്‍ ടിക്നറിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഫീൽഡിംഗിനിടെ ആണ് കാം ഫ്ലെച്ചറിന് പരിക്കേറ്റത്. താരത്തിന് 6 മുതൽ 8 ആഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് അറിയുന്നത്. പകരം ഡെയിന്‍ ക്ലീവറിനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.