മത്സരത്തിനിടെ നെഞ്ച് വേദന, ശ്രീലങ്കൻ താരം കുശാൽ മെൻഡിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രീലങ്കൻ താരം കുശാൽ മെൻഡിസിന് നെഞ്ച് വേദന. ടെസ്റ്റിന്റെ ഒന്നാം ദിവസമായ ഇന്ന് 23ആം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് താരം നെഞ്ചിൽ കൈവെച്ചുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.

താരത്തെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് ഡോക്ടർ മൻസൂർ ഹൊസൈൻ ചൗദരി വ്യക്തമാക്കി.

ബംഗ്ളദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത കുശാൽ മെൻഡിസിന്റെ അഭാവം ശ്രീലങ്കൻ ടീമിന് കനത്ത തിരിച്ചടിയാണ്. ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ മെൻഡിസ് രണ്ടാം ഇന്നിങ്സിൽ 48 റൺസും എടുത്തിരുന്നു.