പ്രതിഷേധം ഫലിച്ചു, കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ ഗ്യാലറിയിൽ ആരാധകർ ഉണ്ടാകും

മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. നേരത്തെ കാണികളെ പ്രവേശിപ്പിക്കില്ല എന്ന് തീരുമാനിച്ചിരുന്നു എങ്കിലും പ്രതിഷേധങ്ങൾ ഉയർന്നതോടെ തീരുമാനം മാറി. വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരമായ ഈ മത്സരത്തിൽ 50% കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് അറിയിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബെംഗളൂരുവിൽ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മൊഹാലി ടെസ്റ്റിന്റെ ടിക്കറ്റുകൾ നാളെ മുതൽ ഓൺലൈൻ ആയി ലഭ്യമാകും.

കോഹ്ലിയുടെ നൂറാം ടെസ്റ്റ് ആകും മൊഹാലിയിലേത്. ഇതുവരെ 99 ടെസ്റ്റുകളിൽ നിന്ന് 50.39 ശരാശരിയിൽ 27 സെഞ്ചുറികളോടെ 7962 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.