കോഹ്ലിക്ക് ഒപ്പം സെൽഫി എടുക്കാൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയ യുവാക്കൾക്ക് എതിരെ കേസ് എടുത്തു

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ സുരക്ഷാ ലംഘനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ നാല് ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തു. നാല് യുവാക്കൾ ഗ്രൗണ്ടിലെ സുരക്ഷ ലംഘിച്ച് തങ്ങളുടെ പ്രിയപ്പെട്ട താരത്തിനൊപ്പം സെൽഫി എടുക്കാൻ കളിക്കളത്തിലേക്ക് പ്രവേശിച്ചിരുന്നു.

വിരാട് തന്റെ ആരാധകരുമായി സമയം ചിലവഴിച്ചു എങ്കിലും അവർക്ക് എതിരെ കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചു. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കുറ്റാരോപിതരായ ആരാധകരെ കോടതിയിൽ ഹാജരാക്കും.

സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചതിനും അതിക്രമിച്ചു കയറിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ട്.