തളരാത്ത വിരാട് കോഹ്ലി!

നിർഭാഗ്യം വിട്ടൊഴിയാതെ പിന്തുടരുമ്പോഴും തന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും പിന്തുണ നൽകാതെ സഹകളിക്കാർ പവലിയനിലേയ്ക്ക് മടങ്ങുമ്പോഴും അവൻ തളർന്നില്ല. ഇതുപോലുള്ള നിരവധി ഘട്ടങ്ങളിൽ ടീം ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ആ കരങ്ങൾക്ക് ഇപ്പോഴും ബലം ക്ഷയിച്ചിട്ടില്ലെന്നു തെളിയിച്ചു കൊണ്ട് എല്ലാ പ്രതിസന്ധികളും മറികടന്നു വീരോചിതമായി പോരാടി സെഞ്ച്വറിയ്ക്കു 21 റൺ അകലെ ക്രീസ് വിടുമ്പോൾ നിരാശയ്ക്ക് പുറമെ ടീമിനെ പൊരുതാവുന്ന സ്കോറിലേയ്ക്ക് എത്തിച്ച ഒരു ക്യാപ്റ്റന്റെ ചരിദാർഢ്യം ആണ് ഞാൻ ആ കണ്ണുകളിൽ കണ്ടത്. വിരാട് കോഹ്ലിയുടെ സുവർണ്ണ കാലഘട്ടം അവസാനിച്ചുവെന്നു പലരും വിധിയെഴുതിയപ്പോൾ കോഹ്ലിയിലെ ഒരിക്കലും തളരാത്ത പോരാളിയെ അവർ മറന്നു പോയി. തന്റെ കഠിന പ്രയത്നം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ലോക ക്രിക്കറ്റിൽ റെക്കോർഡുകൾ പഴങ്കഥ ആക്കിയ കോഹ്ലിയെ അവർ മറന്നു പോയി. നിശ്ചയ ദാർഢ്യവും ചിട്ടയായ അച്ചടക്കവും പാലിച്ചു ക്ഷമയോടെ ബാറ്റു വീശിയ കോഹ്ലി പൊരുതി നേടിയ ഈ 79 റൺസ് സെഞ്ച്വറിയേക്കാൾ മൂല്യമേറിയതാണെന്നു നിസ്സംശയം പറയാം. ഏതൊരു ബാറ്റ്‌സ്മാനും റൺ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കേപ്പ് ടൗണിലെ പിച്ചിലേക്കു 12ആം ഓവറിൽ ക്രീസിൽ എത്തിയ കോഹ്ലിയ്ക്ക് അതിജീവിക്കേണ്ടി വന്നത് റബാഡയുടെ തീ തുപ്പുന്ന പന്തുകൾ ആണ്. എന്നും ആഗ്ഗ്രെസ്സീവ് ആയി ബൗളറുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന കോഹ്ലിയുടെ ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്തനായി ഓരോ ബോളും ശ്രദ്ധയോടെ കളിക്കുന്ന വിരാടിനെയാണ് പിന്നീട് കാണികൾ കണ്ടത്. ഓഫ്‌സൈഡിന് വെളിയിലൂടെയുള്ള എല്ലാ പന്തും ലീവ് ചെയ്ത് തന്റെ മുൻകാല പിഴവുകൾ ആവർത്തിക്കില്ലെന്ന ദൃഢനിശ്ചയവുമായി കോഹ്‌ലി ക്രീസിൽ നിലയുറച്ചപ്പോൾ സൗത്ത് ആഫ്രിക്കൻ നിര ഒന്നു ഭയന്നു. എങ്കിലും കൃത്യമായ ഇടവേളകളിൽ മറുവശത്തെ വിക്കറ്റുകൾ നേടി അവർ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ തളർന്നില്ല. ഇന്ത്യൻ വന്മതിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനെ സാക്ഷി നിർത്തി കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ അർദ്ധ സെഞ്ച്വറിയും പിന്നിട്ടു മനോഹരമായ തന്റെ ഡ്രൈവുകളിലൂടെ വിരാട് സ്കോർബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. മധ്യനിരയെയും വാലറ്റത്തെയും കൂട്ടുപിടിച്ചു ഇന്ത്യൻ സ്കോർ 200 കടത്തി വേഗം റൺസ് കണ്ടെത്താനുള്ള തിടുക്കത്തിൽ റബാഡയുടെ അത്യുഗ്രൻ പന്തിൽ കീപ്പറിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ പൊലിഞ്ഞത് രണ്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിടുന്ന മൂന്നക്ക സ്കോർ എന്ന പ്രതീക്ഷ ആയിരുന്നു.

ലോക ക്രിക്കറ്റിൽ തനിക്ക് ഇനി ഒന്നും തെളിയിക്കാൻ ഇല്ലെന്നു അടിവരയിട്ട് പറഞ്ഞ വിരാടിനു ഈ ഇന്നിങ്സ് ചിലർക്കൊക്കെയുള്ള മറുപടി കൂടി ആയിരുന്നു. എഴുപതോളം സെഞ്ച്വറികളും പതിനായിരകണക്കിന് റൺസും നേടിയ തന്റെ ടെക്‌നിക്കിനെ സംശയിച്ച ക്രിക്കറ്റ്‌ പണ്ഡിതന്മാർക്ക്.. ക്രിക്കറ്റിനോടുള്ള തന്റെ ആത്മസമർപ്പണവും അഭിനിവേശവും സംശയിച്ച വിമർശകർക്ക്..തുടർച്ചയായ പരാജയങ്ങൾ കണ്ടു തന്റെ കാലം കഴിഞ്ഞെന്നു വിധിയെഴുതിയ മാധ്യമങ്ങൾക്ക്..

2019ന് ശേഷം സെഞ്ച്വറി കണ്ടെത്താൻ വിഷമിക്കുമ്പോഴും കരിയറിലെ ഏറ്റവും ദീർഘമായ ഫോം ഇല്ലായ്മയെ ചൊല്ലി നിരന്തരം ചർച്ചകൾ നടക്കുമ്പോഴും മികവുറ്റ റെക്കോർഡുകൾ പരിഗണിക്കാതെ ODI കാപ്റ്റൻസിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും കോഹ്ലിയിലെ റൺ ദാഹി തന്റെ ടീമിനെ മുന്നിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിൽ ആണ്. ആ MRF ബാറ്റിൽ ഇപ്പോഴും ഞങ്ങളുടെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല, വിരാട്. ഞങ്ങൾ ഇന്നും വിശ്വസിക്കുന്നു, കോഹ്ലിയുടെ മികച്ച ഇന്നിങ്സുകൾ പിറക്കാൻ കാലം ഇനിയും വഴിയൊരുക്കുവെന്ന്, 2022 അതിനു സാക്ഷ്യം വഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു