ഈ താരതമ്യം അരുത്, കോഹ്‍ലി – ബാബര്‍ അസം താരതമ്യം ശരിയല്ലാത്തതെന്ന് ഹഫീസ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെയും പാക്കിസ്ഥാന്റെ കോഹ്‍ലിയെന്ന് വിളിക്കപ്പെടുന്ന ബാബര്‍ അസമിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. കോഹ്‍ലി ലോകത്തെമ്പാടും പോയി മികവ് പുലര്‍ത്തിയ താരമാണ്. അതേ സമയം ബാബര്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഇരു താരങ്ങളും രണ്ട് വ്യത്യസ്തമായ ടീമുകളിലാണ് കളിക്കുന്നത് അതിനാല്‍ തന്നെ ഇവരുടെ താരതമ്യം ശരിയാകില്ലെന്നും ഹഫീസ് പറഞ്ഞു.

അസമിനെ പാക് ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പാക്കിസ്ഥാന് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് മുതല്‍ താരത്തിന്റെ പ്രകടനം മികവാര്‍ന്നതാണ്. അതിനാല്‍ തന്നെ ഇന്ത്യയുടെ കോഹ്‍ലിയുമായി പലപ്പോഴും താരത്തിനെ താരതമ്യപ്പെടുത്തുന്നത് പതിവാണ്.

പ്രായം വളരെ കുറവായതിനാല്‍ ഇനിയും ലോക ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ ബാബര്‍ അസമിന് കീഴടക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.