ഫോമിലായാല്‍ ലോകേഷ് രാഹുല്‍ വേറെ ലെവലെന്ന് വിരാട് കോഹ്‍ലി

- Advertisement -

ഫോമിലായാല്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ വേറെ ലെവലിലാണ് ബാറ്റിംഗ് ചെയ്യുന്നതെന്ന് വ്യക്തമാക്കി വിരാട് കോഹ്‍ലി. ടി20 പരമ്പരയില്‍ അതിനു ടീം സാക്ഷ്യം വഹിക്കുകയും ചെയ്തുെവെന്ന് കോഹ്‍ലി വ്യക്തമാക്കി. പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും താരം 50, 47 എന്ന വ്യക്തിഗത സ്കോര്‍ നേടി ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍ ആയി മാറിയിരുന്നു. ലോകകപ്പിനുള്ള സ്ക്വാഡില്‍ താനും ഉത്തമനായ താരമാണെന്ന് ടീം മാനേജ്മെന്റിനു രാഹുല്‍ നല്‍കിയ സന്ദേശം കൂടിയായിരുന്നു ടി20 പരമ്പരയിലെ ഈ പ്രകടനം.

2018 താരത്തിനു മോശം വര്‍ഷമായിരുന്നു. വെറും 3 മത്സരങ്ങളില്‍ മാത്രം താരം കളിച്ചത്. അതിനിടെ കരണ്‍ ജോഹറിന്റെ പരാമര്‍ശങ്ങളോടനുബന്ധിച്ച് താരത്തിനു വിലക്കും നേരിടേണ്ടി വന്നു. തിരിച്ച് ഇന്ത്യ എയ്ക്ക് വേണ്ടി ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിക്കാന്‍ എത്തിയതോടെയാണ് താരം വീണ്ടും ഫോമിലേക്ക് ഉയരുകയും വീണ്ടും ഇന്ത്യന്‍ ടീമിന്റെ പരിഗണനയിലെത്തുന്നതും.

താരം ഐപിഎലില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമിനു വേണ്ടിയും താന്‍ അപകടകാരിയായ താരമാണെന്ന് പലപ്പോളായി തെളിയിച്ചിട്ടുണ്ടെന്നാണ് വിരാട് കോഹ്‍ലി കെഎല്‍ രാഹുലിന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്. മികച്ച ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിയ്ക്കുകയും 140-150 എന്ന നിലയിലുള്ള സ്ട്രൈക്ക് റേറ്റില്‍ സ്കോറിംഗും നടത്തുവാന്‍ പ്രാപ്തിയുള്ള താരമാണ് രാഹുല്‍ എന്ന് വിരാട് പറഞ്ഞു.

മികച്ച ഫോമിലുള്ള താരവും ലോകകപ്പ് ടീമിലേക്കുള്ള സാധ്യതയുള്ള താരമാണെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.

Advertisement