ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കം നാല് കായിക താരങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേൽ രത്നക്ക് ശുപാർശ. രോഹിത് ശർമ്മയെ കൂടാതെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവായ ഗുസ്തി താരം വിനേഷ് പോഗട്ട്, ടേബിൾ ടെന്നീസ് താരം മണിക ബത്ര, പാരാലിമ്പിക് സ്വർണ മെഡൽ ജേതാവ് മരിയപ്പൻ തങ്കവേലു എന്നിവരെയാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിന് വേണ്ടി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
2016ന് ശേഷം ആദ്യമായാണ് 4 പേരെ ഒരു വർഷം ഈ അവാർഡിനായി നാമനിർദേശംചെയ്യപ്പെടുന്നത് . നാഷണൽ സ്പോർട്സ് അവാർഡ് കമ്മിറ്റിയുടെ യോഗമാണ് 4 പേരുടെ പട്ടിക പ്രഖ്യാപിച്ചത്. രോഹിത് ശർമ്മക്ക് ഈ അവാർഡ് ലഭിക്കുകയായെങ്കിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്‌ലിക്കും മഹേന്ദ്ര സിംഗ് ധോണിക്കും ശേഷം ഖേൽ രത്ന പുരസ്‌കാരം നേടുന്ന നാലാമത്തെ ക്രിക്കറ്റ് താരമാകും. റിയോ പാരാലിമ്പിക്സിൽ ഹൈ ജമ്പിൽ സ്വർണം നേടിയതോടെയാണ് മരിയപ്പൻ തങ്കവേലുവിനെ അവാർഡിന് പരിഗണിക്കാൻ തീരുമാനിച്ചത്.