രാജ്‍കോട്ട് ടെസ്റ്റില്‍ റോച്ച് കളിക്കില്ല

രാജ്കോട്ട് ടെസ്റ്റില്‍ വിന്‍ഡീസ് ബൗളര്‍ കെമര്‍ റോച്ച് കളിക്കില്ലെന്ന് കോച്ച് സ്റ്റുവര്‍ട് ലോ വ്യക്തമാക്കി. തന്റെ മുത്തശിയുടെ മരണത്തെത്തുടര്‍ന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെയുള്ള മത്സരത്തില്‍ താരം കളിച്ചില്ല. രാജ്കോട്ട് ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം താരം മടങ്ങിയെത്തുമെന്നാണ് ആദ്യ പ്രതീക്ഷിച്ചതെങ്കിലും താരം തിരികെ എത്തുക ടെസ്റ്റ് തുടങ്ങിയ ശേഷം മാത്രമാവുമെന്നാണ് അറിയുന്നത്.

റോച്ചിന്റെ അഭാവത്തില്‍ ജേസണ്‍ ഹോള്‍ഡര്‍, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍, ഷെര്‍മാന്‍ ലൂയിസ് എന്നിവരടങ്ങിയ പേസ് പടയെയാവും വിന്‍ഡീസ് ആശ്രയിക്കേണ്ടി വരിക.