അവിശ്വസനീയ വിജയം, പാക് പ്രതീക്ഷകളെ തകര്‍ത്ത് ഒരു വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്

Jaydensealeskemarroach

ടെസ്റ്റ് ക്രിക്കറ്റിന്റെ സര്‍വ്വ ആവേശങ്ങളും ഉള്‍പ്പെട്ട മത്സരത്തിൽ പാക്കിസ്ഥാനെതിരെ 1 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. കെമര്‍ റോച്ച് പുറത്താകാതെ നിന്ന് നേടിയ 30 റൺസിന്റെ ബലത്തിൽ പത്താം വിക്കറ്റിൽ നേടിയ 18 റൺസാണ് മത്സരത്തിൽ വിന്‍ഡീസിന് വിജയം നേടിക്കൊടുത്തത്.

151/9 എന്ന നിലയിൽ വിന്‍ഡീസ് എത്തിയപ്പോള്‍ പാക്കിസ്ഥാന്‍ വിജയം പ്രതീക്ഷിച്ചിരുന്നു. നിര്‍ണ്ണായകമായ പത്താം വിക്കറ്റിൽ റോച്ചും ജെയ്ഡന്‍ സീൽസും പാക് പ്രതീക്ഷകളെ തകര്‍ത്ത് വിജയം ആതിഥേയര്‍ക്ക് നേടിക്കൊടുക്കുകയായിരുന്നു.

55 റൺസ് നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡാണ് വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. 16/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ റോസ്ടൺ ചേസിനൊപ്പം നിന്ന് 68 റൺസ് നേടിയാണ് ബ്ലാക്ക്വുഡ് തിരികെ മത്സരത്തിലേക്ക് കൊണ്ടു വന്നത്.

എന്നാൽ അടുത്തടുത്ത ഓവറുകളിൽ ചേസിനെയും മയേഴ്സിനെയും പുറത്താക്കി വിന്‍ഡീസിനെ ഫഹീം അഷ്റഫ് തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്നു. 84/3 എന്ന നിലയിൽ നിന്ന് 114/7 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണപ്പോള്‍ പാക്കിസ്ഥാന്‍ വിജയം പ്രതീക്ഷിച്ച് തുടങ്ങുകയായിരുന്നു.

28 റൺസ് എട്ടാം വിക്കറ്റിൽ നേടി ജോഷ്വ ഡാ സിൽവയും കെമര്‍ റോച്ചുമാണ് ആദ്യം ചെറുത്ത്നില്പ് തുടങ്ങിയത്. 13 റൺസ് നേടിയ ജോഷ്വ പുറത്തായ ശേഷം അവസാന രണ്ട് വിക്കറ്റിൽ 27 റൺസാണ് റോച്ച് നേടിയത്.

പാക്കിസ്ഥാന്‍ നിരയിൽ ഷഹീന്‍ അഫ്രീദി നാലും ഹസന്‍ അലി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഫഹീം അഷ്റഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Previous articleമെസ്സി ഇല്ലാ യുഗം വിജയത്തോടെ ആരംഭിച്ച് ബാഴ്സലോണ!!
Next articleവീണ്ടും മുട്ടിനു ശസ്ത്രക്രിയ വേണ്ടി വരും, റോജർ ഫെഡറർ മാസങ്ങളോളം പുറത്ത്