ജേസണ്‍ ഹോള്‍ഡറിന്റെ വിലക്ക്, കീമോ പോളിനെ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ ചേര്‍ത്ത് വിന്‍ഡീസ്

ഫെബ്രുവരി 9നു സെയിന്റ് ലൂസിയയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡില്‍ കീമോ പോളിനെ വിന്‍ഡീസ് ഉള്‍പ്പെടുത്തി. ജേസണ്‍ ഹോള്‍ഡറിന്റെ അഭാവത്തിലാണ് താരത്തിനു ടീമിലേക്കുള്ള അവസരം ലഭിച്ചത്. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ജേസണ്‍ ഹോള്‍ഡറെ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കുകയായിരുന്നു. പരമ്പര വിന്‍ഡീസ് നേരത്തെ തന്നെ 2-0നു സ്വന്തമാക്കി കഴിഞ്ഞു.

വിന്‍ഡീസ് ഫസ്റ്റ്-ക്ലാസ് ചാമ്പ്യന്‍ഷിപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു അവസരം ലഭിക്കാന്‍ കാരണമെന്നാണ് വിന്‍ഡീസ് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ കോര്‍ട്‍നി ബ്രൗണ്‍ പറയുന്നത്. 2018 ജൂലൈയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് കീമോ പോള്‍.